ചെന്നൈ: തമിഴ്നാട് ഗവർണർ ആർ.എൻ.രവി വീണ്ടും വിവാദത്തിൽ. മധുരയിലെ ത്യാഗരാജൻ എഞ്ചിനീയറിങ് കോളേജിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ വിദ്യാർഥികളോടു ജയ് ശ്രീറാം വിളിക്കാൻ ഗവർണർ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ആക്ഷേപം. പ്രസംഗം അവസാനിച്ചതോടെ ജയ് ശ്രീറാം വിളിച്ച ഗവർണർ ഏറ്റുവിളിക്കാൻ വിദ്യാർഥികളോടു ആവശ്യപ്പെട്ടുവെന്നു ഡിഎംകെ നേതാക്കളും മന്ത്രിമാരും ആരോപിച്ചു. ഹൈന്ദവ നേതാക്കളെ അപമാനിക്കുന്നതായി ഗവർണർ പ്രസംഗത്തിൽ വിമർശിച്ചിരുന്നു.
അതിനിടെ ഗവർണർക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഡിഎംകെയും കോൺഗ്രസും രംഗത്തെത്തി. തുടർച്ചയായി ഭരണഘടന ലംഘനം നടത്തുന്ന ഗവർണർ രാജിവയ്ക്കാൻ തയാറാകണമെന്ന് ഡിഎംകെ വക്താവ് ധരണീധരൻ ആവശ്യപ്പെട്ടു. ബിജെപിയുടെയും ആർഎസ്എസിന്റെയും പ്രചാരണ ഗുരുവായി ഗവർണർ മാറിയതായി കോൺഗ്രസും വിമർശിച്ചു.
