ഭോപ്പാല്‍: നട അടച്ച ശേഷം ക്ഷേത്രദര്‍ശനത്തിനെത്തിയ 30 അംഗ സംഘം പൂജാരിയെ ആക്രമിച്ചു. മധ്യപ്രദേശിലെ പ്രശസ്തമായ ദേവാസ് ക്ഷേത്രത്തില്‍ വെള്ളിയാഴ്ച അര്‍ധ രാത്രി 12.40നാണ് സംഭവം. ടെക്രി ടെമ്പിള്‍ മഠത്തില്‍ രാത്രി പൂജയ്ക്കു ശേഷം ക്ഷേത്രവും ചുറ്റമ്പലവും പൂട്ടി താമസസ്ഥലത്തേക്കു മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്ന പൂജാരിയോടു 10 കാറുകളിലായി എത്തിയവര്‍ നട തുറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അര്‍ധരാത്രിയോടെ ക്ഷേത്ര കവാടങ്ങള്‍ അടച്ചുവെന്നു പറഞ്ഞപ്പോള്‍ ക്ഷേത്രം തുറന്നില്ലെങ്കില്‍ തന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുകയും അടിക്കുകയും അക്രമിക്കുകയും ചെയ്തുവെന്നു പൂജാരി പൊലീസിനോടു പറഞ്ഞു. അക്രമികളെ പേടിച്ചു ഗേറ്റു തുറന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിത്തു രഘുവംശി എന്നയാളുടെ നേതൃത്വത്തിലെത്തിയ അക്രമി സംഘം ക്ഷേത്രത്തിനുള്ളില്‍ കടന്നു പ്രാര്‍ത്ഥിച്ചു.
വിവരമറിഞ്ഞു സിറ്റി പൊലീസ് സൂപ്രണ്ട് ദിനേശ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ക്ഷേത്രത്തിലെ 50വോളം സിസിടിവി ക്യാമറകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രമി സംഘത്തിനു നേതൃത്വം നല്‍കിയത് ഒരു ബിജെപി നേതാവിന്റെ മകനാണോ എന്ന ചോദ്യത്തിനു കേസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
