സണ്ണി മാളിയേക്കല്‍
സംഘടനകളുടെ സംഘടനയായ നമ്മുടെ സംഘടന, ഇന്ന് വളര്‍ന്നു പന്തലിച്ച് അമേരിക്കയും കടന്ന് കാനഡയിലും എത്തിയിരിക്കുന്നു. നാട്ടില്‍ നിന്നും വന്ന എല്ലാ മന്ത്രിമാര്‍ക്കും , രാഷ്ട്രീയക്കാര്‍ക്കും , സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവര്‍ക്കും നമ്മള്‍ വലിയ സ്വീകരണം നല്‍കുന്നില്ലേ? അവരെയെല്ലാം സ്വീകരിച്ച് അവരുമായുള്ള ഫോട്ടോ നമ്മള്‍ പ്രസിദ്ധീകരിച്ചില്ലേ? നെഹ്‌റു ജി സ്‌റ്റൈലില്‍ സ്യൂട്ട് ഒപ്പിച്ച് ഡല്‍ഹിയിലും തിരുവനന്തപുരത്തും പോയി നമ്മള്‍ ഫോട്ടോ എടുത്ത് എല്ലാ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചില്ലേ? നമ്മള്‍ കണ്‍വെന്‍ഷന്‍ നടത്താത്ത നല്ലൊരു ഹോട്ടല്‍ ഇന്ന് കേരളത്തിലുണ്ടോ? കൊച്ചി എയര്‍പോര്‍ട്ടില്‍ ഇറങ്ങുമ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള യൂറോപ്യന്‍ ക്ലോസറ്റിന്റെ ടിക്കറ്റ് നിരക്കില്‍ നാം ഡിസ്‌കൗണ്ട് വാങ്ങിച്ചു കൊടുത്തില്ലേ? വളരും തോറും പിളരുമെന്ന് മാണിസാറ് പറഞ്ഞത്, നമ്മുടെ കാര്യത്തില്‍ പ്രാവര്‍ത്തികമല്ല. കാരണം നമ്മള്‍ വളരുന്നില്ല. അതിനാല്‍ നമ്മള്‍ ‘പാര’ലല്‍ ആയി സംഘടനകള്‍ തുടങ്ങിയ പറ്റൂ.
അപ്പോഴാണ് ഒരു ലോക്കല്‍സിന്റെ ചോദ്യം, നമ്മുടെ സംഘടനയില്‍ എത്ര അംഗ സംഘടനകള്‍ ഉണ്ടെന്ന്?
അമേരിക്കയില്‍ 50 സ്റ്റേറ്റുകളേ ഉള്ളൂ എങ്കിലും, നമുക്ക് 176 അംഗ സംഘടനകള്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ലിസ്റ്റ് കാണണം പോലും.
ടിയാന്‍ ഒന്നു മനസ്സിലാക്കണം, ഭാഷയ്‌ക്കൊരു താങ്ങും, സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും നമ്മള്‍ പിരിച്ച തുക കൊണ്ട്, ടൈം സ്‌ക്വയറിലെ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളോടെ, ചെണ്ടമേളം, കഥകളി തുടങ്ങി കേരളത്തിന്റെ തനതായ സാംസ്‌കാരിക പൈതൃകം നിലനിര്‍ത്തിക്കൊണ്ട്, നമ്മുടെ പ്രിയങ്കരനായ മുഖ്യന് ഇരിക്കുവാനായി നമ്മള്‍ ഒരു ‘കസേര’ സ്‌പോണ്‍സര്‍ ചെയ്ത കാര്യം ടിയാന്‍ മറന്നുപോയി. രാഷ്ട്രീയ നിരീക്ഷകനും, നിയമോപദേശകനുമായ ജയശങ്കര്‍ ഈ കസേരയെക്കുറിച്ച് എല്ലാ മാധ്യമങ്ങളിലും സംസാരിച്ചത് ഈ അവസരത്തില്‍ നമ്മള്‍ ഓര്‍ക്കേണ്ടതാണ്.
വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ 24 മണിക്കൂറിനകം 10 വലിയ ബോക്‌സ് ടോയ്‌ലറ്റ് ടിഷ്യു, വായിക്കുവാനായി ധാരാളം പുസ്തകങ്ങള്‍ മുതലായവ നമ്മള്‍ എത്തിച്ചില്ലേ! കേരളത്തില്‍ പണിതു കൊടുത്ത വീടുകളുടെ എണ്ണം എത്ര?
അമേരിക്കയില്‍ കഷ്ടപ്പെട്ട് തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കുന്ന മേയര്‍, ജഡ്ജിമാര്‍ തുടങ്ങിയവര്‍ വിജയിച്ച ശേഷം നമ്മള്‍ എപ്പോഴും അവരെ മുന്‍നിരയില്‍ ഇരുത്താറില്ലേ? ഒരു പ്രത്യേക കാര്യം, നമ്മളില്ലെങ്കില്‍ അമേരിക്കയില്‍ സ്‌പോണ്‍സര്‍ഷിപ്പ് നിന്നുപോകും, പൊന്നാട പോയിട്ട് ഒരു വിളക്ക് പോലും കത്തിക്കാന്‍ ഒരുത്തനും സാധിക്കില്ല. എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും പൂട്ടിക്കെട്ടും.
സംഘടനകളുടെ സംഘടനയായ നമ്മെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ അധികാരമില്ല. കാരണം, നമ്മള്‍ അത്ര മനോഹരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വച്ചിട്ടുള്ളത്. സംഘടനകളുടെ ‘അമ്മ’ സംഘടനയായ നമ്മള്‍ അടുത്ത നമ്മുടെ കണ്‍വെന്‍ഷന് കേരളത്തിന്റെ തനതായ സൈക്കിള്‍ യജ്ഞം, റെക്കോര്‍ഡ് ഡാന്‍സ്, കിലുക്കി കുത്ത്, ആന മയില്‍ ഒട്ടകം, മുച്ചീട്ടു കളി, നാട കുത്ത്, മരണക്കിണര്‍ മുതലായവ അമേരിക്കയിലും കൊണ്ടുവരാന്‍ പോകുന്ന കാര്യം ഈ അവസരത്തില്‍ അഭിമാനപൂര്‍വ്വം പങ്കുവെയ്ക്കുകയാണ്. ഇനിയും എണ്ണിയാലൊടുങ്ങാത്തത്ര പദ്ധതികളാണ് അണിയറയില്‍ ആസൂത്രണം ചെയ്യുന്നത്. അവയെക്കുറിച്ചൊക്കെ സമയോചിതമായി ഞങ്ങള്‍ നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കണ്ട് അസൂയാലുക്കള്‍ പല കിംവദന്തികളും പ്രചരിപ്പിക്കുന്നുണ്ട്. നമ്മുടെ സംഘടനയിലെ യുവതീയുവാക്കള്‍ 50 വയസ്സു കഴിഞ്ഞവരും രണ്ടും മൂന്നും മക്കളുള്ളവരുമാണത്രേ..! അത്തരം പ്രകോപനങ്ങള്‍ കേട്ട് കുലുങ്ങുന്നവരല്ല നമ്മള്‍..
സംഘടനകളുടെ സംഘടനയെ സ്‌നേഹിക്കുന്ന ഒരു ദേശസ്‌നേഹി എന്ന നിലയില്‍ അദ്ധ്യക്ഷന്‍ എനിക്ക് തന്ന മൂന്നു മിനിറ്റില്‍ അല്പം കൂടുതല്‍ എടുത്തതുകൊണ്ട് പ്രത്യേകം ക്ഷമ ചോദിക്കുന്നു. ഇന്ന് ഈ യോഗത്തില്‍ പങ്കെടുക്കുവാന്‍ എനിക്ക് റൈഡ് തന്ന സുഹൃത്ത് സോമനുള്ള പ്രത്യേക നന്ദിഅറിയിക്കുന്നു. സോമന്‍ 2026 ല്‍ നമ്മുടെ സംഘടനയുടെ പ്രസിഡന്റായി മത്സരിക്കുന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ. ഇനിയും ധാരാളം കാര്യങ്ങള്‍ പറയാനുണ്ട് .എങ്കിലും സമയം അതിക്രമിച്ചതിനാല്‍ നിര്‍ത്തുന്നു. നന്ദി നമസ്‌കാരം.