സതികൊടക്കാട്
ജീവിതം എങ്ങനെ ജീവിച്ചു തീര്‍ത്തു എന്നതല്ല കാര്യം. അതെങ്ങനെ വിനിയോഗിച്ചു എന്നതിലാണ് കാര്യം അല്ലേ.
ശരീരത്തിന് ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോഴേക്കും തളര്‍ന്ന് തരിപ്പണമായിപ്പോയ എത്രയോ മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. ജീവിതം തന്നെ ഇല്ലാതായെന്നും ഇനി ജീവിച്ചിട്ട് കാര്യമില്ലെന്നുമൊക്കെ പരിതപിക്കുന്നവര്‍.
അവര്‍ക്കിടയിലാണ് തീര്‍ത്തും വ്യത്യസ്തമായ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നത്. ജന്മനാ ‘മസ്‌കുലര്‍ ഡിസ്‌ട്രോഫി’ എന്ന രോഗത്താല്‍ 90% ശരീരം തളര്‍ന്നുപോയ ഒരു പെണ്‍കുട്ടി.
വിധിയെ തോല്‍പ്പിച്ചവള്‍ എന്ന് വേണമെങ്കില്‍ നമുക്കവളെ വിശേഷിപ്പിക്കാം.
കുറവുകള്‍ ഒരുപാടുണ്ടായിട്ടും ആ കുറവുകളൊന്നും കുറവുകളല്ലേയല്ലെന്ന് തന്റെ ചുറ്റുമുള്ളവരോട് വിളിച്ചു പറഞ്ഞു കൊണ്ട് ജീവിതത്തോട് പോരാടി ജയിച്ചവള്‍. അതാണ് സതികൊടക്കാടിനെ കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സിലേക്കോടിയെത്തുന്നത്. കാസര്‍കോട് ജില്ലയില്‍ കൊടക്കാട് ഗ്രാമത്തില്‍ ആദ്യകാല വിഷചികിത്സകനും നാടന്‍ കലാ ഗവേഷകനും റിട്ട.അദ്ധ്യാപകനുമായ പരേതനായ സിവിക് കൊടക്കാടിന്റെയും എം.വി. പാട്ടിയുടെയും നാല് മക്കളില്‍ ഇളയ മകളായിട്ടായിരുന്നു ജനനം. ശരീരത്തിന്റെ പരിമിതികള്‍ കൊണ്ട് നാലാംക്ലാസ്സില്‍ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടിവന്നു.
എങ്കിലും അവള്‍ നിരാശപ്പെട്ടില്ല. പിന്നീടുള്ള ജീവിതം വായനയ്ക്കും എഴുത്തിനുമായി മാറ്റിത്തീര്‍ത്തു.
താന്‍ കണ്ടിട്ടില്ലാത്ത ലോകത്തെ കാണാനും അക്ഷരങ്ങളിലൂടെ അവിടേക്ക് സഞ്ചരിക്കാനും തുടങ്ങി.
അതായിരുന്നു മുന്നോട്ടുള്ള അവളുടെ ചവിട്ടു പടിയും. 360 ബാല സാഹിത്യകൃതികളടക്കം 2740വോളം പുസ്തകങ്ങള്‍ വായിക്കുകയും ആ പുസ്തകങ്ങളുടെയെല്ലാം കുറിപ്പുകള്‍ എഴുതുകയും സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
വായന പതിയെ എഴുത്തിലേക്കും ആ എഴുത്തിലൂടെ മറ്റു മനുഷ്യരിലേക്കും അവള്‍ കടന്നു ചെല്ലാന്‍ തുടങ്ങി.
ചിറകൊടിഞ്ഞു പോകുമായിരുന്ന സ്വപ്നങ്ങള്‍ക്ക് അവള്‍ പുതിയ ചിറകുകള്‍ തുന്നി ചേര്‍ത്തു.
പറന്നുയരാന്‍ പുതിയൊരാകാശവും. കവിതകളും കഥകളുമായിരുന്നു കൂട്ട്.
2020 ല്‍ ‘കാല്‍വരിയിലെ മാലാഖ’ എന്ന കവിത സമാഹാരം പായല്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.
2011 ല്‍ ‘ഗുളിക വരച്ച ചിത്രങ്ങള്‍’എന്ന കഥാസമാഹാരം കോഴിക്കോട് ഹംദ പബ്ലികേഷനും പ്രസിദ്ധീകരിച്ചു.
2017 ല്‍ കരിവെള്ളൂര്‍ മുച്ചിലോട്ട് ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റ ഭാഗമായി പുറത്തിറങ്ങിയ ‘തിരുമംഗല്യം’ എന്ന സതിയുടെ ഭക്തിഗാന ആല്‍ബത്തിലെ ഒരു ഗാനം പ്രശസ്ത ഗായിക സിതാര പാടിയിരുന്നു.
ഈ ഗാനം ക്ഷേത്ര സന്നിധിയില്‍ വച്ച് കെ.എസ്.ചിത്രയും പാടി.
സതി എഴുതി അഭിനയിച്ച ‘കുഞ്ഞോളം’എന്ന വീഡിയോ ആല്‍ബവും ‘വയലോരം’ എന്ന വീഡിയോ ആല്‍ബവും പുറത്തിറങ്ങിയിട്ടുണ്ട്. (2018-2019) 2025ല്‍ മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി ഇറങ്ങിയ നിര്‍മ്മാല്യം ഭക്തിഗാന ആല്‍ബത്തിലും ഒരു പാട്ടെഴുതിയിട്ടുണ്ട്.
2008 മുതല്‍ 2013 വരെ മൂന്നാം ക്ലാസ്സിലെ രണ്ടാംഘട്ട മലയാള&കന്നട പാഠാവലിയില്‍ സ്വന്തം അനുഭവത്തെ സാക്ഷ്യപ്പെടുത്തി സതി എഴുതിയ ‘വായിച്ച് വായിച്ച് വേദന മറന്ന്’എന്ന ലേഖനം പാഠഭാഗമായി കുട്ടികള്‍ക്ക് പഠിക്കാനുണ്ടായിരുന്നു.
പൊള്ളുന്ന ആ ജീവിത സാക്ഷ്യത്തെ തൊട്ടറിഞ്ഞ കുട്ടികള്‍ അവരെ കൂടുതല്‍ അറിയാനും പരിചയപ്പെടാനുമായി ശ്രമിച്ചു.
ഇതിനെ തുടര്‍ന്ന് ഓരോ ജില്ലകളില്‍ നിന്നും പതിനായിരക്കണക്കിന് സ്‌കൂള്‍ കുട്ടികളുടെ കത്തുകള്‍ വരികയും അതിപ്പോഴും നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് അറിവ്.
കൂടാതെ മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരുമായി അവള്‍ക്ക് തൂലികാ സൗഹൃദവുമുണ്ട്.
ഇവരുടെ എഴുത്തുകളും ഫോട്ടോകളും ‘എന്റെ അമൂല്യ നിധികള്‍’എന്ന പേരില്‍ ആല്‍ബമായി സൂക്ഷിക്കുന്നു.
2019 ലെ ലോകസഭ തിരഞ്ഞൈടുപ്പിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ കാസര്‍കോട് ജില്ല അംബാസിഡറായി തിരഞ്ഞെടുത്തു. 2020ലെ വിരല്‍ സാഹിത്യവേദി കഥാപുരസ്‌കാരം നേടി.
2021ല്‍ സതീഭാവം സഹഭാവം എന്ന ഡോക്യുമെന്ററിയും ഇറങ്ങിയിട്ടുണ്ട്. 2020ലെ സര്‍ഗപ്രതിഭ(ഔട്ട് സ്റ്റാന്‍ഡിങ് ക്രിയേറ്റീവ് അഡള്‍ട്ട് പേഴ്സണല്‍ ഡിസബിലിറ്റി) നാഷണല്‍ അവാര്‍ഡും, 2021ല്‍ കാല്‍വരയിലെ മാലാഖ എന്ന പുസ്തകത്തിന് ഭിന്നശേഷി കമ്മീഷണറേറ്റ് സംസ്ഥാന അവാര്‍ഡും, 2025ല്‍ സംസ്ഥാന വനിതാ കമ്മീഷന്റെ സ്ത്രീ ശക്തി പുരസ്‌ക്കാരവും നേടി. ഇതൊക്കെയാണ് സതിയുടെ ജീവിതത്തിലെ നാഴികകല്ലുകള്‍.
ഇപ്പോള്‍ വിവിധ ആനുകാലികങ്ങളിലും ആകാശവാണിയിലും കഥകളും കവിതകളും എഴുതി വരുന്നു.
നിസ്സാര വീഴ്ചകളില്‍ പോലും തകരുന്നവര്‍ക്കും തളരുന്നവര്‍ക്കും മരണത്തെ സ്വയം പുല്‍കുന്നവര്‍ക്കും സതി കൊടക്കാട് ഒരു മാതൃക തന്നെയാണ്.