-പി പി ചെറിയാന്‍
വാഷിംങ്ടണ്‍: ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര തീരുവകള്‍ ഇന്ന് പ്രാബല്യത്തില്‍. ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്കാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. ഇന്ത്യക്ക് 29 ശതമാനമാണ് പകര തീരുവ ചുമത്തിയിരിക്കുന്നത്. ചൈനക്കെതിരെ കടുത്ത നടപടിയാണ് അമേരിക്ക സ്വീകരിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ചില ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം വരെ തീരുവ വര്‍ധിക്കും.
അമേരിക്കയുടെ പകരത്തീരുവ നിരക്കിനെതിരെ ഒന്നിച്ചു പ്രതികരിക്കാന്‍ ചൈന ഇന്ത്യയുടെ സഹകരണം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യു.എസ് ഉത്പന്നങ്ങള്‍ക്ക് 34 ശതമാനം തീരുവ ചുമത്താനുള്ള തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ചൈനയ്ക്കുള്ള പകരച്ചുങ്കം 104 ശതമാനമാക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. മുന്‍പ് ചുമത്തിയ 20 ശതമാനവും ഈ മാസം രണ്ടിന് പ്രഖ്യാപിച്ച 34 ശതമാനവുമുള്‍പ്പെടെ 54 ശതമാനമായിരുന്നു ചൈനയ്ക്കുണ്ടായിരുന്ന ഇറക്കുമതിച്ചുങ്കം. ഇതിനൊപ്പം 50 ശതമാനം കൂടിയാണ് പുതിയതായി ചുമത്തിയിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
കാനഡ അമേരിക്കന്‍ വാഹനങ്ങള്‍ക്ക് ചുമത്തുന്ന 25 ശതമാനം തീരുവയും ഇന്ന് തുടങ്ങും. അതേസമം തീരുവ ചര്‍ച്ചകള്‍ക്കായി 70 രാജ്യങ്ങള്‍ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി ആദ്യ ചര്‍ച്ചകള്‍ നടക്കും. അതിനിടെ അമേരിക്കന്‍ ഓഹരി വിപണി വീണ്ടും താഴേക്ക് പതിച്ചു. ഡൗ ജോണ്‍സ് സൂചിക 320 പോയിന്റ് കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാസ്ഡാക് സൂചിക 335 പോയിന്റിന്റെ കുറവിലാണ് ക്ലോസ് ചെയ്തത്. എസ് ആന്റ് പി 500 സൂചികയില്‍ 80 പോയിന്റിന്റെ ഇടിവുണ്ടായി. ട്രംപിന്റെ ആഗോള തീരുവ നടപടികളില്‍ നിക്ഷേപകരുടെ ആശങ്ക തുടരുകയാണ്.