ഇന്നത്തെ പോലെ ബഹുനില മാളികകളോ ഷോപ്പിംഗ് കോംപ്ലക്‌സുകളോ, സിമന്റ് കൊണ്ട് വാര്‍ത്ത പീടിക മുറികളോ അന്നില്ലായിരുന്നു.
സത്യത്തില്‍ അത് തന്നെയായിരുന്നു ആ കാലത്തിന്റെ ഭംഗിയും.
ഓലകെട്ടി പുല്ലുമേഞ്ഞ പീടിക മുറികളായിരുന്നു അധികവും.
അത് അടക്കാനും തുറക്കാനും നിരപ്പലകകളാണ് വാതിലായി ഉപയോഗിച്ചിരുന്നത്.
സാധാരണ അഞ്ചോ പത്തോ നിരപ്പലകകളാണ് ഒരു പീടികമുറിക്ക് ഉണ്ടാവുക.
ചിലപ്പൊ കടയുടെ വലിപ്പത്തിനനുസരിച്ച് അത് കൂടിയോ കുറഞ്ഞോ ഇരിക്കുമെന്ന് മാത്രം.
പിന്നെ നിരപ്പലകള്‍ക്ക് ക്രമനമ്പറിട്ട് വെക്കും.
അത് നിര തെറ്റിപ്പോവാതിരിക്കാനും അളവ് വ്യത്യാസം കൊണ്ട് അടക്കുമ്പോള്‍ പ്രയാസം നേരിടാതിരിക്കാനുമാണ്.
അതിന് നടുവില്‍ ഓരോടാമ്പലുമുണ്ടാവും.
അതാണ് അന്നത്തെ ലോക്ക്. അതിനാണ് പൂട്ടിട്ട് പൂട്ടുക.
വില്‍പ്പനക്കുള്ള സാധനങ്ങള്‍ ഈ മുറിക്കകത്ത് അടുക്കി വെക്കും.
ധാന്യങ്ങള്‍ ചാക്കിലോ വലിയ മരപ്പെട്ടിയിലോ ആവും സൂക്ഷിച്ചു വെക്കുക.
വെളിച്ചണ്ണ വലിയ ഭരണിയിലും മണ്ണെണ്ണ ടിന്നിലും വെക്കും.
മറ്റ് സാധനങ്ങളൊക്കെ ചുമരില്‍ സ്ഥാപിച്ച മരപ്പലകയിലും വെക്കും.
ഗ്രാമീണര്‍ക്ക് ഒരു ആശ്വാസകേന്ദ്രമായിരുന്നു ഇത് പോലുള്ള നാട്ടിന്‍ പുറങ്ങളിലെ ചെറിയ പീടികകള്‍.
അന്നന്നേക്ക് വേണ്ടുന്ന സാധനങ്ങളോ ചില നേരങ്ങളിലേക്കുള്ള സാധനങ്ങളോ
ഒക്കെയേ ആളുകള്‍ വാങ്ങുകയുള്ളു.
കാരണം അന്നത്തെ സമ്പത്തിക സ്ഥിതിയും അത്ര മെച്ചമല്ലായിരുന്നു.
രാവിലെ വെക്കാനുള്ള ചായപ്പൊടി രാവിലെ മാത്രമേ വാങ്ങുകയുള്ളു.
25 ഗ്രാം ചായപ്പൊടി, 100 ഗ്രാം വെല്ലം; ഇതിലാണ് അന്നത്തെ ചായയുടെ രുചി.
പിന്നെ അരിപൊങ്ങിച്ചതോ, കിഴങ്ങു പുഴുങ്ങിയതോ മറ്റോ ആവും ആ ചായക്ക് പലഹാരം.
ഉച്ചക്കു ഭക്ഷണത്തിനുള്ള സാധനം പത്ത് മണിക്ക് ശേഷമാവും വാങ്ങാന്‍ വരിക.
അഞ്ഞൂറ് ഗ്രാം അരി, കറി വെക്കാന്‍ 100 ഗ്രാം പരിപ്പൊ പയറോ, കടലയൊ, മുതിരയൊ അങ്ങനെ തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്ന്.
അത് പോലെ പറങ്കി, മല്ലി, ഉള്ളി മുതലായവ 100 ഗ്രാമില്‍ കൂടുതല്‍ വാങ്ങില്ല.
അരി ഒക്കെ വൈക്കോല്‍ കൊണ്ട് ഉണ്ടാക്കിയ ഒരു തരം പാത്രത്തിലാണ് പീടികയില്‍ കൊണ്ടുവരിക.
‘മൂട’ എന്നാണ് അതിന്റെ വിളിപ്പേര്. ഒരു മൂട അറയില്‍ 30സേര്‍’ അരിയുണ്ടാവും.
പിന്നെ അതത് സമയത്തേക്കുള്ള സാധനങ്ങള്‍ അതത് സമയത്തിന് വാങ്ങുക എന്നതായിരുന്നു പാവപ്പെട്ട ഗ്രാമീണരുടെ ശീലം.
കടകളുടെയും അവസ്ഥ അങ്ങനെ തന്നെയാണ്. കുറഞ്ഞ അളവില്‍ മാത്രമേ സ്റ്റോക്കും ഉണ്ടാവുകയുള്ളു.
പിന്നെ പലരും സാധനങ്ങള്‍ വാങ്ങുന്നത് തന്നെ അവരവരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളായ
നെല്ല്, തേങ്ങ, കുരുമുളക്, കശുവണ്ടി എന്നിവ പീടികയില്‍ ബദല്‍ നല്‍കിയിട്ടാണ്.
കാരണം ഗ്രാമീണരുടെ കയ്യില്‍ കാശു പൊതുവെ കുറവായിരിക്കും.
ഇങ്ങനെയുള്ള അന്നത്തെ ഈ വ്യവസ്ഥയെ ബാര്‍ട്ടര്‍ സിസ്റ്റമെന്ന് പറയും.
ചെറിയ പീടികകളാണെങ്കിലും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും സൂക്ഷിക്കാനും സൗകര്യമുണ്ടായിരിക്കും.
അതിലും വ്യത്യസ്തമായ മറ്റൊരു ഏര്‍പ്പാട് കൂടെ അന്നുണ്ടായിരുന്നു.
പണിയായുധങ്ങളായ മഴു, കൈക്കോട്ട്, കുങ്കോട്ട് എന്നിവ പണയം വെച്ച് സാധനങ്ങള്‍ വാങ്ങും, ഒരാഴ്ച കൊണ്ട് തിരിച്ചെടുക്കുകയും ചെയ്യും.
പിന്നെ പണയം വെക്കാതെയുള്ള കടമേര്‍പ്പാടുമുണ്ടാകും.
കടക്കാര്‍ സ്വന്തം വിശ്വാസത്തിന്റെ പുറത്ത് ആളുകള്‍ക്ക് സാധനങ്ങള്‍ നല്‍കും.
ആ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് പണം കിട്ടുമ്പോള്‍ തന്നെ അവര് കടം തീര്‍ക്കുകയും ചെയ്യും.
കോട്ടി മുട്ടായി (മിഠായി), പല്ലി മുട്ടായി, ഒയലിച്ച,നാരങ്ങാ മിഠായി എന്നിവയായിരുന്നു അന്നത്തെ പിള്ളേരുടെ പ്രധാന മധുരവസ്തുക്കള്‍.
ചെറിയ റൊട്ടി, മുന്തിരി വെച്ച ബന്ന്, ഉറപ്പുള്ള ബട്ടര്‍, ആറാം നമ്പര്‍ തുടങ്ങിയ മധുര പലഹാരങ്ങളും ആക്കാലത്തെ പീടികയില്‍ കിട്ടുമായിരുന്നു.
പിന്നെ തുണിയലക്കാന്‍ പറ്റുന്ന ചെറിയ സാബൂണ്‍, ബാര്‍ സോപ്പ് എന്നിവയും കിട്ടും.
പിന്നെ പനിക്കും തലവേദനക്കും കഴിക്കാന്‍ പറ്റുന്ന അനാസിന്‍,ആസ്‌പ്രോ ടാബ്ലറ്റുകള്‍ വരെ അന്നത്തെ ആ പീടികയില്‍ ലഭ്യമായിരുന്നു.
ചെറുപ്രായം മുതല്‍ ഞാന്‍ അമ്മാവന്മാരുടെ പീടിക കച്ചോടം കണ്ടാണ് വളര്‍ന്നത്.
അതുകൊണ്ട് തന്നെ 74 ല്‍ എത്തിയിട്ടും കുഞ്ഞുന്നാളിലെ ആ ഓര്‍മ്മകളൊക്കെ ഇന്നും മനസ്സില്‍ പച്ചപിടിച്ചു തന്നെ കിടപ്പുണ്ട്. അത് വെറുതെ ഒന്ന് പങ്കുവെച്ചു എന്ന് മാത്രം.
