വടക്കന്‍ കേരളത്തില്‍ മീനചൂടില്‍ പൂരോല്‍സവം; മറ്റന്നാള്‍ പൂരംകുളി

കാസര്‍കോട്: അത്യുത്തര കേരളത്തില്‍ മീനചൂടില്‍ പൂരോത്സവം. പൂരക്കളിയും മറുത്തുകളിയും കാവുകളില്‍
അരങ്ങ് തകര്‍ക്കുകയാണ്. വ്യാഴാഴ്ചയാണ് പൂരോല്‍സവ സമാപനമായ പൂരംകുളി. മീനമാസത്തിലെ കാര്‍ത്തിക നാള്‍ തൊട്ട് ഒന്‍പത് രാപകലുകള്‍ പൂരോല്‍സവമാണ്. വടക്കന്‍ കേരളത്തിലെ ചന്ദ്രഗിരി പുഴയ്ക്കും കണ്ണൂര്‍ വളപട്ടണം പുഴയ്ക്കുമിടയിലുള്ള പ്രദേശങ്ങളിലാണ് വടക്കിന്റെ പൂരം കൊണ്ടാടുന്നത്.
പിലിക്കോട് രയരമംഗലം ക്ഷേത്രത്തിലെ ഒരു മാസം നീണ്ടുനിന്ന പൂരോത്സവത്തിന് ഏച്ചികുളങ്ങര ആറാട്ടോടെയാണ് സമാപനമാകുക. ക്ഷേത്രങ്ങളുടെ സമീപത്തുള്ള പുഴകളിലും കുളങ്ങളിലുമായാണ് പൂരംകുളിക്കുക. ക്ഷേത്ര കിണറുകളിലെ വെള്ളമുപയോഗിച്ചും ഈ അനുഷ്ഠാന ചടങ്ങ് നടത്തുന്നുണ്ട്.
ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളുമൊക്കെ കുളത്തിലോ പുഴയിലോ കൊണ്ടുപോയി സ്നാനം ചെയ്യിച്ച് ശുദ്ധി വരുത്തുന്നതാണ് പുരം കുളിയുമായി ബന്ധപ്പെട്ട ചടങ്ങ്. സ്‌നാന ശുദ്ധിക്ക് ശേഷം തിടമ്പുകളൊക്കെ അലങ്കരിച്ചു ആര്‍ഭാടത്തോടെ എഴുന്നള്ളിച്ചു പള്ളിയറയില്‍ കൊണ്ടുവച്ചു പൂജിക്കുന്നു. പൂരം കുളിച്ചു മാടം കയറുക എന്നാണ് ഈ ചടങ്ങിനു പേര്. പൂരത്തിന്റെ ഭാഗമായി കഴകങ്ങളില്‍ പൂരക്കളിയും മറത്തു കളിയും ഇന്നും സജീവമാണ്. സംസ്‌കൃതപണ്ഡിതന്മാരായ പണിക്കന്മാര്‍ തമ്മിലുള്ള വിദ്യുല്‍ സദസ്സാണ് മറത്തു കളി. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പ് നടത്തിയാണ് ഓരോ പണിക്കന്മാരും മറത്തു കളിയുടെ വേദിയിലെത്തുന്നത്. എതിര്‍വിഭാഗം പണിക്കരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറാതിരിക്കാന്‍ ഊണും ഉറക്കവും തൊഴിലും ഉപേക്ഷിച്ചാണ് ഓരോ പണിക്കന്മാരും തയ്യാറെടുക്കുന്നത്. പൂരം നാളുകളില്‍ പൂവിട്ട് പൂജിക്കുന്നതാണ് മറ്റൊരു ചടങ്ങ്.
ഒരു കുടുംബത്തില്‍ ഒരു സന്താനമുണ്ടാവുകയാണെങ്കില്‍ ആ കുരുന്നിന്റെ കന്നി പൂരം പൂവിടല്‍ ചടങ്ങോടെ ആഘോഷപൂര്‍വ്വം കൊണ്ടാടുക പതിവാണ്. കന്യകമാരായ പെണ്‍കുട്ടികളാണ് കാമദേവ ആരാധനയില്‍ പങ്കെടുക്കുക. വീടുകളിലും കിണറ്റിന്‍കരയിലും ആരാധനയുടെ ഭാഗമായി പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തും. കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കികൊണ്ട് അവര്‍ക്കൊപ്പം പ്രായം ചെന്ന മുത്തശ്ശിമാരുമുണ്ടാകും.
പൂജാമുറിയില്‍ നിന്നും കാമരൂപങ്ങളും അതുവരെ പൂജിച്ചു അര്‍പ്പിച്ച പൂക്കളൊക്കെ വാരിയെടുത്തു ദൂരെ ഏതെങ്കിലും വൃക്ഷച്ചുവട്ടില്‍ വച്ച് കാമനെ അയക്കുന്ന ഒരു സമ്പ്രദായം വീടുകളിലൊക്കെയുണ്ട്.
പൂരം കുളി ദിവസം വൈകീട്ട് കാമദേവനെ യാത്രയാക്കും. ‘നേരത്തെ കാലത്തെ വരണേ കാമാ, …’ എന്ന പ്രാര്‍ഥനയോടെയാണ് കാമനെ അയക്കുന്നത്. ആ ദിവസം ഉണക്കലരി കൊണ്ടുള്ള പൂരച്ചോറും തവിടുകൊണ്ടുള്ള അടയും നിവേദിക്കാറുണ്ട്. ഇത് കാര്‍ഷിക സംസ്‌കൃതിയെ സൂചിപ്പിക്കുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page