കാസര്‍കോട്: ദുബായില്‍ പനി ബാധിച്ച് മരിച്ച ചൗക്കി ബ്ലാക്കോട് സ്വദേശി എസ് അഹമ്മദ് റിഷാലി(25)യുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കി. ദുബൈ കറാമ അല്‍ അല്‍ത്താര്‍ സെന്ററില്‍ ജോലി ചെയ്ത് വരികയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍, വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു. അവധിക്ക് നാട്ടില്‍ വരാനിരിക്കെയാണ് മരണം സംഭവിച്ചത്. അപ്രതീക്ഷിതമായ വിയോഗം ദുബായിലെയും നാട്ടിലെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മംഗളൂരുവിലെത്തിച്ച മൃതദേഹം എട്ടുമണിയോടെ വീട്ടിലെത്തിച്ചു. പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഏരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
