കാസര്‍കോട്: അനധികൃതമായി വില്‍പന നടത്താന്‍ കൊണ്ടുവന്ന മൂന്നു ലിറ്റര്‍ പുതുച്ചേരി നിര്‍മിത വിദേശ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റിലായി. പടന്ന ഗണേഷ് മുക്ക് സ്വദേശി കെഎം വിജയന്‍(54) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് ഗണേഷ് മുക്കില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ചന്തേര ഇന്‍സ്‌പെക്ടര്‍ കെ പ്രശാന്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി അജിത്ത്, ഡിവൈഎസ്പിയുടെ സ്‌ക്വാഡ് അംഗം സുധീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാലിക്കടവ്, നടക്കാവ്, പടന്ന തുടങ്ങിയ സ്ഥലങ്ങളില്‍ അനധികൃത മദ്യ വില്‍പന വര്‍ധിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടി കര്‍ശനമാക്കിയത്.







