ആലപ്പുഴ: ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ചെന്നൈ സ്വദേശിനി തസ്ലിമ സുല്‍ത്താനയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നു സിനിമാ നടന്മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ടോം ചാക്കോ എന്നിവര്‍ക്കു ഉടന്‍ നോട്ടീസ് അയക്കുമെന്നു എക്സൈസ് മേലധികൃതര്‍ വെളിപ്പെടുത്തി.
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ ഉള്‍പ്പെടെയുള്ള രണ്ടംഗ സംഘം കഞ്ചാവ്, സിനിമാനടന്മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നു ചോദ്യം ചെയ്യലില്‍ എക്സൈസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസന്വേഷണം സിനിമാ ലോകത്തേക്കു വ്യാപിപ്പിക്കുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചാണ് നടന്മാര്‍ക്കു നോട്ടീസയക്കുന്നത്. സംസ്ഥാനത്ത് അടുത്ത കാലത്തു പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവു കടത്തു കേസാണിത്.
തസ്ലീമ സുല്‍ത്താനയും സിനിമാ നടന്മാരും തമ്മിലുള്ള ചാറ്റുകള്‍ എക്‌സൈസിനു ലഭിച്ചിട്ടുണ്ടെന്നു സൂചനയുണ്ട്. സുല്‍ത്താനക്കൊപ്പം പല തവണ ഇവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും നടന്മാരമായി സെക്‌സ് റാക്കറ്റ് ബന്ധവുമുണ്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുള്ളതായും സൂചനയുണ്ട്.
റിമാന്റില്‍ കഴിയുന്ന സുല്‍ത്താനയെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനും എക്‌സൈസ് നീക്കമാരംഭിച്ചിട്ടുണ്ട്. സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ടു സംഘങ്ങള്‍ക്കുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിനു കൈമാറിയേക്കും.
തസ്ലീമ സുല്‍ത്താനക്കൊപ്പം പിടിയിലായ മണ്ണഞ്ചേരിയിലെ ഫിറോസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്നു പിടികൂടിയത്. തസ്ലീമ പെണ്‍കുട്ടികളെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച കേസുകളിലും പ്രതിയാണെന്നു അധികൃതര്‍ സൂചിപ്പിച്ചു.
