തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. റമസാന്‍ 29 പൂര്‍ത്തിയാക്കിയാണ് ഇസ്‌ലാം മതവിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങികഴിഞ്ഞു. തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ് പള്ളികള്‍. എങ്ങും ചെറിയ പെരുന്നാളിന്‍റെ സന്തോഷവും ആഘോഷവും മാത്രം.
നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത മനസുമായാണ് വിശ്വാസികള്‍ ഈദ് ആഘോഷത്തിലേയ്ക്ക് കടക്കുന്നത്. പുത്തനുടുപ്പുകൾ അണിഞ്ഞ് വിശ്വാസികൾ ഈദ് ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുകൂടും. കുടുംബ,സുഹൃദ് ബന്ധങ്ങൾ പുതുക്കാനും സ്നേഹം പങ്കുവെയ്ക്കാനുമുള്ള അവസരം കൂടിയാണ് ചെറിയ പെരുന്നാൾ ആഘോഷം. പുതുവസ്ത്രങ്ങളണിഞ്ഞ് രാവിലെ നമസ്ക്കാരത്തിനെത്തും. പരസ്പരം ആശ്ലേഷിച്ചും സന്തോഷം പങ്കുവെച്ചുമാണ് നമസ്ക്കാരത്തിന് ശേഷം ഓരോത്തരും വീടുകളിലേയ്ക്ക് മടങ്ങുക. അവിടെ കുടുംബാംഗങ്ങളുമായി ഒത്തുചേര്‍ന്ന് ആഘോഷം. ശേഷം ബന്ധുവീടുകളിലേയ്ക്കും സുഹൃത്തുക്കളുടെ വീടുകളിലേയ്ക്കുമുള്ള സന്ദര്‍ശനം. ലഹരിയില്‍ നിന്ന് വിശ്വാസിസമൂഹം മാറി നില്‍ക്കണമെന്ന് പുരോഹിതര്‍. ആഘോഷങ്ങള്‍ അതിരുവിടരുതെന്നും പുരോഹിതരും പണ്ഡിതരും പ്രത്യേകം നിര്‍ദേശിക്കുന്നു. പതിവ് പോലെ പെരുന്നാള്‍ ദിനത്തില്‍ ബൈക്കുമായി റോഡില്‍ അഭ്യാസത്തിനിറങ്ങുന്ന യുവാക്കള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഈ ചെറിയ പെരുന്നാൾ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെയെന്നും ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോർക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആശംസ സന്ദേശത്തിൽ പറഞ്ഞു. കൂടുതൽ സന്തോഷകരവും ദാരിദ്ര്യമുക്തവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് റംസാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ ഗവർണർ ആശംസിച്ചു.
