കാസര്‍കോട്: അടയ്ക്കാവില ഉയര്‍ന്നു തുടങ്ങിയതിനു പിന്നാലെ അടയ്ക്കാ മോഷ്ടാക്കളും സജീവം.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടി, കൊട്‌ല മുഗറുവില്‍ മൂന്നു ക്വിന്റല്‍ അടയ്ക്ക മോഷണം പോയി. കോടിജാലു ഹൗസിലെ ലോകേഷ് റൈയുടെ വീട്ടില്‍ നിന്നാണ് അടയ്ക്ക മോഷ്ടിച്ചത്. മാര്‍ച്ച് 21നും 24നും ഇടയിലുള്ള സമയത്ത് വീടിന്റെ ജനല്‍പൊളിച്ച് അകത്തു കയറിയാണ് ചാക്കുകളില്‍ കെട്ടിവച്ചിരുന്ന അടയ്ക്ക മോഷ്ടി്ച്ചതെന്നു ലോകേഷ് റൈ മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അമ്പിലാടിയിലെ ഒരു കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന അടയ്ക്ക മോഷണം പോയിരുന്നു. നേരയിലെ കുഞ്ഞിക്കണ്ണന്‍ എന്ന കര്‍ഷകന്‍ ഉണക്കി സൂക്ഷിച്ച അടയ്ക്കയാണ് മോഷണം പോയത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അടയ്ക്കാ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ തവണ ലഭിച്ച അടയ്ക്കയുടെ പകുതി പോലും ലഭിക്കാത്ത സാഹചര്യമാണ് ഭൂരിഭാഗം കര്‍ഷകര്‍ക്കും ഇത്തവണ ഉള്ളത്. ഉയരുന്ന വിലയിലാണ് കര്‍ഷകരുടെ പ്രതീക്ഷ. ഇതിനിടയില്‍ മോഷ്ടാക്കള്‍ രംഗത്തിറങ്ങിയത് കര്‍ഷകരുടെ ആശങ്ക ഇരട്ടിപ്പിക്കുന്നു.
