റിയാദ്: ശനിയാഴ്‌ച വൈകീട്ട് ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. സൗദി മധ്യപ്രവിശ്യയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. അതേസമയം, ശവ്വാൽപ്പിറ കാണാത്തതിനാൽ ഒമാനിൽ തിങ്കളാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ ആളുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ ഈ ദിവസങ്ങളിൽ പൊതുവേ തെളിഞ്ഞ അന്തരീക്ഷമായതിനാൽ പിറ ദർശിക്കാൻ എളുപ്പമാണെന്നായിരുന്നു വിലയിരുത്തൽ.നഗ്ന നേത്രങ്ങളിലൂടെയോ ടെലിസ്കോപ്പിലൂടെയോ മാസപ്പിറവി കാണുന്നവർ അടുത്തുള്ള കോടതിയിൽ നേരിട്ട് ഹാജരായോ ഫോണിലൂടെയോ വിവരമറിയിച്ച് സാക്ഷ്യപ്പെടുത്തണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മക്കയിൽ പെരുന്നാൾ നമസ്‌കാരം രാവിലെ 6.30ന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് വിപുല സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വിവിധ മലയാളി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈദുഗാഹുകൾക്ക് നാട്ടിൽനിന്നെത്തിയ പണ്ഡിതൻമാരാണ് പലയിടത്തും നേതൃത്വം നൽകുന്നത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം ആശംസകൾ കൈമാറിയും സ്‌നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചുമായിരിക്കും വിശ്വാസികൾ വീടുകളിലേക്ക് മടങ്ങുക.
