തരിശു ഭൂമിയില്‍ പൊന്ന് വിളയിച്ച് ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷ മഴ പെയ്ത ബെള്ളൂരിലെ പാവപ്പെട്ട രോഗികള്‍ക്ക് വിഷ രഹിത പച്ചക്കറി നല്‍കണമെന്ന ഒരു കൂട്ടം ആരോഗ്യ വകുപ്പ് ജീവനക്കാരുടെ നിശ്ചയ ദാര്‍ഢ്യം തരിശു ഭൂമിയില്‍ പൊന്നു വിളയിച്ചു. മരുന്നിനു പുറമേ പച്ചക്കറി കൂടി നല്‍കുക എന്ന ദൗത്യവുമായി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരോടൊപ്പം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയും ഇതര സര്‍ക്കാര്‍ വകുപ്പുകളും സംഘം ചേര്‍ന്നതോടെ തരിശു ഭൂമിയില്‍ ക്വിന്റല്‍ കണക്കിന് ജൈവ പച്ചക്കറി വിളഞ്ഞു. ബെള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരാണ് ഗ്രാമ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ വിഷരഹിത പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളയിച്ചത്.
പാവപ്പെട്ട രോഗികള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും വിഷരഹിത പച്ചക്കറി വിളയിച്ചു സൗജന്യമായി നല്‍കുക എന്ന ലക്ഷ്യത്തോടെ ബെള്ളൂര്‍ ഗ്രാമ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കിയ നൂതന ആശയമാണ് ഹരിത സ്പര്‍ശം. ബെള്ളൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപത്ത് തരിശായി കിടന്ന വില്ലേജ് ഭൂമിയാണ് കൃഷിക്കായി തെരെഞ്ഞെടുക്കുകയും പഞ്ചായത്ത് ഭരണസമിതിയുടെയും കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെയും നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ നിലമൊരുക്കുകയും ചെയ്തത്. ഈ ഭൂമിയില്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പി.ടി.എസ് ആയ കെ തമ്പാന്റെ നേതൃത്വത്തില്‍ കൃഷി ഇറക്കുകയും മെച്ചപ്പെട്ട പരിപാലനത്തിലൂടെ 3 ക്വിന്റലിലധികം വെള്ളരിക്ക, പയര്‍, വെണ്ടക്ക, കോവക്ക, തണ്ണിമത്തന്‍, ചീര, മുളക് തുടങ്ങിയ ജൈവ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുകയും അര്‍ഹരായ പാവപ്പെട്ട രോഗികള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. വിളവെടുപ്പ് ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗീത അധ്യക്ഷത വഹിച്ചു.
പത്മശ്രീ സത്യനാരായണ ബെളേരി മുഖ്യാതിഥിയായിരുന്നു. കെ ജയകുമാര്‍, പി.ചന്ദ്രഹാസറായി, സുജാത എം റൈ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി എന്‍ ഗീത, കെ ഭാഗീരഥി, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി ജ്യോതിമോള്‍, കൃഷി ഓഫീസര്‍ പി.അദ്വൈത്, വില്ലേജ് ഓഫീസര്‍ ഹിജിന്‍ പോള്‍ പ്രസംഗിച്ചു. കൃഷിക്ക് നേതൃത്വം നല്‍കിയ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരന്‍ കെ തമ്പാനെ ചടങ്ങില്‍ ആദരിച്ചു. ആദ്യ ദിനം വിളവെടുപ്പ് നടത്തിയ പച്ചക്കറികള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്ന രോഗികള്‍ക്കും ബെള്ളൂര്‍ ബഡ്സ് സ്‌കൂളിലെ കുട്ടികള്‍ക്കും കിന്നിംഗാള്‍ അംഗനവാടിയിലെ കുട്ടികള്‍ക്കുമായി വിതരണം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page