കാസര്‍കോട്: ദേശീയപാത 66 ഭാഗികമായി തുറന്നുകൊടുത്തതോടെ കെഎസ്ആര്‍ടിസി അടക്കമുള്ള ബസ്സുകള്‍ക്ക് കുശാലായി. അതേ സമയം ബസ് കാത്തു സര്‍വ്വീസ് റോഡ് സൈഡുകളിലെ ബസ് സ്റ്റോപ്പില്‍ നില്ക്കുന്നവര്
വാഹനം കിട്ടാതെ പെരുവഴിയില്‍ വിഷമിക്കുന്നു.
ഹ്രസ്വദൂര, ദീര്‍ഘദൂര യാത്രക്കാര്‍ ബസ് സ്റ്റോപ്പുകളില്‍ ബസ് കാത്തു നില്ക്കുമ്പോള് കെഎസ്ആര്‍ടിസി ബസ് ദേശീയപാതയില്‍ ചീറിപ്പാഞ്ഞു പോകുകയാണ്. അവയെ മറികടക്കാനുള്ള മത്സരത്തിലാണ് മറ്റു ബസുകളുമെന്നു പറയുന്നു. അതേ സമയം യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാണാനോ അറിയാനോ പരിഹാരം നല്‍കാനോ അധികൃതര്‍ ആരും തുനിയുന്നില്ലെന്ന് ആക്ഷേപമുണ്ട്. സര്‍വ്വീസ് റോഡില്‍ നിന്ന് ഹൈവേയില്‍ കടക്കാനും അവിടെ ബസ് കാത്തു നില്‍ക്കാനും സൗകര്യമൊന്നും ഏര്‍പ്പെടുത്താതെയാണ് അധികൃതരുടെ പരിഷ്കാരം. ഇക്കാര്യം അടിയന്തരമായി കണക്കിലെടുത്ത് സര്‍വീസ് റോഡില്‍ ബസ് സ്റ്റോപ്പില്‍ കാത്തിരിക്കുന്ന യാത്രക്കാരെ കയറ്റാനുള്ള സംവിധാനവും കെഎസ്ആര്‍ടിസി അടക്കമുള്ള ബസുകള്‍ക്ക് സര്‍വീസ് റോഡില്‍ പ്രവേശിക്കാനും ആളുകളെ കയറ്റാനുമുള്ള സൗകര്യവും ഉടന്‍ സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന് കബീര്‍ ആര്.ടി.ഒയോട് ആവശ്യപ്പെട്ടു.
