കാസര്‍കോട്: കേരള കേന്ദ്ര സര്‍വകലാശാലയുടെ നാലാമത് വൈസ് ചാന്‍സലറായി പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ ചുമതലയേറ്റു. വൈസ് ചാന്‍സിലറായി താത്കാലിക ചുമതല വഹിച്ചിരുന്ന പ്രൊഫ. വിന്‍സന്റ് മാത്യു, രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീനുമാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സെക്യൂരിറ്റി ഓഫീസര്‍ ഇന്‍ ചാര്‍ജജ് സുമേഷ് പി.പി, സെക്യൂരിറ്റി ഇന്‍സ്പെക്ടര്‍ ടി. വിനയകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി.
കര്‍ണാടക ധാര്‍വാര്‍ഡ് സ്വദേശിയായ പ്രൊഫ. സിദ്ദു പി. ആല്‍ഗുര്‍ കംപ്യൂട്ടര്‍ സയന്‍സ് വിഭാഗം പ്രൊഫസറാണ്. 2019 മുതല്‍ 2024 വരെ കര്‍ണാടക ബല്ലാരി വിജയനഗര ശ്രീ കൃഷ്ണദേവരായ യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായിരുന്നു. കര്‍ണാടക ബാഗലാകോട്ട് ജില്ലയിലെ ടെര്‍ദല്‍ എന്ന സ്ഥലത്ത് സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനനം. മൈസൂര്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് എഞ്ചിനീയറിങ്ങില്‍ ബിരുദവും അലഹബാദ് മോത്തിലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയ പ്രൊഫ. ആല്‍ഗുര്‍, ഗുല്‍ബര്‍ഗ യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. നാല്‍പ്പത് വര്‍ഷത്തോളമായി അക്കാദമിക് രംഗത്ത് വിവിധ ചുമതലകള്‍ വഹിക്കുന്നു. വെബ് മൈനിംഗ്, ബിഗ് ഡാറ്റാ അനാലിസിസ്, നോളഡ്ജ് ഡിസ്‌കവറി എന്നിവയാണ് മേഖലകള്‍.
ബല്‍ഗാവി റാണി ചന്നമ്മ യൂണിവേഴ്സിറ്റി രജിസ്ട്രാറായും സേവനം അനുഷ്ഠിച്ചു. ഗ്രാമീണ മേഖലയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ജമഖണ്ഡിയില്‍ പി.ജി. സെന്റര്‍ ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രശസ്തമായ നിരവധി ജേണലുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ. ജാന്‍സി ജെയിംസാണ് 2009ല്‍ സ്ഥാപിക്കപ്പെട്ട കേരള കേന്ദ്ര സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍. പിന്നീട് പ്രൊഫ. ജി. ഗോപകുമാര്‍, പ്രൊഫ. എച്ച്. വെങ്കടേശ്വര്‍ലു എന്നിവരും വൈസ് ചാന്‍സലര്‍ പദവി വഹിച്ചു.
