കാസര്‍കോട്: സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കു നിന്ന പതിനാറുകാരിയെ ഗുരുതരമായ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയെന്ന കേസില്‍ യുവാവിനെ 40 വര്‍ഷത്തെ കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടി തടവ് അനുഭവിക്കണമെന്നു കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ഇടുക്കി, ഉടുമ്പന്‍ചോല, കല്ലംപ്ലാക്കലിലെ ഷാമില്‍ കെ മാത്യു (35)വിനെയാണ് കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്.
2016 നവംബര്‍ മാസത്തില്‍ നായന്മാര്‍മൂലയിലാണ് കേസിനാസ്പദമായ സംഭവം. വിദ്യാനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ ബാബു പെരിങ്ങേത്തായിരുന്നു. പിന്നീട് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എ. അനില്‍കുമാര്‍, എ. കുട്ടികൃഷ്ണന്‍ എന്നിവര്‍ അന്വേഷിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത് അന്നത്തെ ഇന്‍സ്‌പെക്ടര്‍ വി.വി മനോജ് ആയിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രിയ എ.കെ ഹാജരായി.
