അറിയാന്‍ പണി നീതി സംഗ്രഹം!

നാരായണന്‍ പേരിയ

എള്ളെണ്ണ ഉണ്ടോ എന്നോ? ഉണ്ട്; മായം ചേര്‍ത്ത എള്ളെണ്ണ.
ഇയാള്‍ എന്താണ് ഇങ്ങനെ പറയുന്നത്? മായം ചേര്‍ക്കാത്ത, ശുദ്ധമായ…എന്നല്ലേ പറയേണ്ടത്. കാരണം കേട്ടോളു. നമ്മുടെ മുനിസിപ്പല്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍ ഇവിടെ വില്‍ക്കുന്ന എള്ളെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ട് എന്ന് കണ്ടെത്തി കേസെടുത്തു. കോടതി ശിക്ഷ വിധിച്ചു. ആയിരം രൂപ പിഴയടക്കണം; ആറു മാസം തടവും. സിജെഎം കോടതി വിധിക്കെതിരെ കച്ചവടക്കാരന്‍ ജില്ലാ കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചു. ജില്ലാ കോടതി കീഴ് കോടതി വിധി ശരിവച്ചു. അതിനും മുകളില്‍ കോടതിയുണ്ടല്ലോ. കച്ചവടക്കാരന്‍ ഹൈക്കോടതിയില്‍ പോയി. കീഴ് കോടതികളുടെ വിധി തള്ളിക്കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞു. ഫുഡ് ഇന്‍സ്‌പെക്ടറുടെ കണ്ടെത്തല്‍ തെറ്റ്. എള്ളെണ്ണയില്‍ മായം ചേര്‍ത്തിട്ടില്ല. അന്തിമവിധി വരാന്‍ 16 കൊല്ലമെടുത്തു (2003 സെപ്റ്റംബര്‍-6 മാതൃഭൂമി)
ഫോര്‍ട്ട് റോഡിലായിരുന്നു അന്ന് എണ്ണക്കച്ചവടം. പിന്നീട് നഗര ഹൃദയ ഭാഗത്തേക്ക് മാറി. മായം ചേര്‍ത്ത എള്ളെണ്ണ എന്ന് പറഞ്ഞുകൊണ്ട് കച്ചവടം. ഇപ്പോള്‍ അയാള്‍ ജീവിച്ചിരിപ്പില്ല. മക്കള്‍ കച്ചവടം നടത്തുന്നു. പത്രവാര്‍ത്തയില്‍ പേരുണ്ടായിരുന്നു. എങ്കിലും പറയുന്നില്ല.
16 കൊല്ലം മായക്കച്ചവടക്കാരന്‍ എന്ന ദുഷ്‌പേര് ചുമക്കേണ്ടി വന്നു. അതിന് ഇടയാക്കിയ ഫുഡ് ഇന്‍സ്‌പെക്ടറുടെ പേരില്‍ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്യേണ്ടതല്ലേ?
ഇതിന്റെ ഇരട്ടിക്കാലം-32 കൊല്ലം ദുഷ്‌പേരുമായി നടക്കേണ്ടി വന്ന ഗതികേടുണ്ടായി ഉത്തര്‍പ്രദേശിലെ മാന്‍സിംഗിന്.
അരക്കുപ്പി മദ്യം കൈവശം വച്ചു എന്നായിരുന്നു മാന്‍സിംഗിന്റെ കുറ്റം. മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചു. എത്ര കൊല്ലം
തടവ്, പിഴ-എന്ന് വാര്‍ത്തയില്‍ കണ്ടില്ല. (വാര്‍ത്ത:ഇന്ത്യന്‍ എക്‌സ്പ്രസ് 6.8.2011)കീഴ്‌കോടതി വിധിക്കെതിരെ അപ്പില്‍. കോടതികള്‍ കടന്ന് അത്യുന്നത നീതി പീഠത്തിലെത്തി. സുപ്രീംകോടതിയില്‍. ജസ്റ്റിസ് എച്ച്.എസ് ബേദി, ജസ്റ്റിസ് ജ്ഞാന സുധാമിശ്ര ബെഞ്ച്മാന്‍സിംഗിനെ കുറ്റമുക്തനാക്കി. അപ്പോഴേക്കും 32 കൊല്ലം കഴിഞ്ഞു. കേസ് നടത്താന്‍ വേണ്ടി വന്ന ചെലവ്? മാനക്കേട്?
കള്ളക്കേസെടുത്ത പൊലീസിനും അത് ശരിവെച്ച കോടതികള്‍ക്കും എതിരെ സുപ്രീംകോടതി വാക്കാല്‍ പ്രതികരിക്കുക പോലും ഉണ്ടായില്ല. വാര്‍ത്തയില്‍ കണ്ടില്ല. ന്യായം നടത്തേണ്ടവര്‍ അന്യായം പ്രവര്‍ത്തിച്ചു. ആ വീഴ്ച ഗൗരവത്തിലെടുക്കാത്ത സുപ്രീംകോടതിയും തെറ്റ് ചെയ്തില്ലേ?
എച്ച്.സി മല്‍ഹോത്ര-പഞ്ചാബിലെ സര്‍ക്കാര്‍ ജീവനക്കാരന്‍. 1969ല്‍ 43ാം വയസ്സില്‍ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി. തുടര്‍ന്ന് ന്യായമായും ലഭിക്കേണ്ട റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ 37 കൊല്ലം വൈകി. 80ാം വയസ്സിലാണ് കിട്ടിയത്. അതും സുപ്രീംകോടതി ഉത്തരവ് പ്രകാരം. (മാതൃഭൂമി 22.5.2006) വകുപ്പ് മേധാവികളുടെ അനാസ്ഥ കാരണമാണല്ലോ കോടതിയെ സമീപിക്കേണ്ടി വന്നത്. കീഴ്‌ക്കോടതികളില്‍ നിന്നും ന്യായമായ ഉത്തരവ് ഉണ്ടാകാതിരുന്നത് കൊണ്ടാണ് സുപ്രീംകോടതിയോളം പോകേണ്ടിവന്നത്. വളണ്ടറി റിട്ടയര്‍മെന്റെടുത്തത് എന്തെങ്കിലും കാരണം കൊണ്ടായിരിക്കും; ആരോഗ്യ പ്രശ്‌നങ്ങള്‍, കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍-ഇങ്ങനെ പലതും. റിട്ടയര്‍മെന്റാനുകൂല്യങ്ങള്‍
കിട്ടിയാല്‍ ചെയ്യാമെന്ന് കണക്കുകൂട്ടിയതെല്ലാം പാഴായി. അതിന് ഉത്തരവാദി സര്‍ക്കാരല്ലേ? നമ്മുടെ സംവിധാനങ്ങളല്ലേ? വൈകിയെത്തുന്ന നീതി, ഫലത്തില്‍, നീതി നിഷേധം, പറയാന്‍ ഒരു തത്വം!
അടുത്തകാലത്തെ ഒരു വാര്‍ത്ത: (മാധ്യമം 10.2.2025) നമ്മുടെ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകള്‍ വേഗത്തില്‍ പരിഗണിക്കണം എന്നൊരാവശ്യം. അയ്യായിരത്തിലേറെ കേസുകളുണ്ടത്രെ!
ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാര്‍ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണവും വിചാരണയും സൗകര്യം പോലെ വൈകിപ്പിക്കുന്നു എന്ന് ആരോപണം. (വേഗം തീര്‍ക്കാന്‍ ശ്രമിക്കുന്നവരും വിരളമല്ല).കേസുകള്‍ കെട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി, സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. വിജയ് ഹന്‍സാരിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്. 2024ല്‍ രജിസ്റ്റര്‍ ചെയ്ത 892 പുതിയ കേസുകള്‍ ഉള്‍പ്പെടെ നിലവില്‍ 4732 കേസുകള്‍ ഉണ്ട് പെന്‍ഡിംഗ്. രാഷ്ട്രീയക്കാര്‍ക്കെതിരായ കേസുകള്‍. 251 എംപി മാര്‍ക്കെതിരായ കേസുകളുമുണ്ട്. ഇതില്‍ 170 എണ്ണം
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്ന ഗണത്തില്‍പ്പെടുന്നു.
ഇത് അതിവിശിഷ്ട വ്യക്തികളുടെ കാര്യം. സാധാരണക്കാരുടെ സ്ഥിതിയോ? രാജ്യത്ത് 18 ലക്ഷത്തിലേറെ ക്രിമിനല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു. കേസുകളുടെ എണ്ണത്തിനനുസരിച്ച് ജഡ്ജിമാരില്ല; കോടതി സ്റ്റാഫുമില്ല. താല്‍ക്കാലിക ജഡ്ജിമാരെ ചുമതലപ്പെടുത്താന്‍ ആലോചിക്കുന്നു. റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ നിയമിക്കാന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 224 എ അനുമതി നല്‍കുന്നുണ്ട്. താല്‍ക്കാലിക ജഡ്ജിമാരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യേണ്ടത് കൊളീജിയം ആണ്. നിലവിലുള്ള ഹൈക്കോടതി ജഡ്ജിമാരുടെ 10 ശതമാനത്തില്‍ അധികമാകരുത് താല്‍ക്കാലിക ജഡ്ജിമാരുടെ എണ്ണം എന്ന് നിബന്ധനയുണ്ട്.
നടപടിക്രമങ്ങള്‍ അത്രവേഗം നടക്കുന്നതല്ല. നിയമം അനുവദിച്ചിട്ടുള്ള കാര്യം പോലും യഥാസമയം നടക്കുന്നില്ല. സമയബന്ധിതം എന്നത് വെറും പറച്ചില്‍ മാത്രം. ഇതൊരു പുതിയ പ്രശ്‌നമല്ല. പോംവഴിയുണ്ട്; എന്നാല്‍ പോകുന്നില്ല! മഹാകവി കുമാരനാശാന്റെ സീത ചിന്തിച്ചത് പോലെ: അറിയാന്‍ പണി നീതി സംഗ്രഹ, മറിയാം കാറ്റു കണക്കെ…
അങ്ങനെ മാറിയും മറിഞ്ഞും കളിക്കും. എത്ര കാലം? ആര്‍ക്കറിയാം?

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page