കാസര്‍കോട്: വ്രതശുദ്ധിയുടെ നാളുകളില്‍ അശരണന് ആലംബമൊരുക്കി കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ മാതൃകയായി. മൈസൂര്‍ സ്വദേശിയെന്നു കരുതുന്ന അല്‍ത്താഫി(55)നാണ് ഓട്ടോ ഡ്രൈവര്‍മാരായ അലി, ഖാലിദ്, അസ്‌കര്‍, അഷ്‌റഫ് എന്നിവര്‍ തുണയായത്.
രണ്ടാഴ്ച മുമ്പാണ് അല്‍ത്താഫ് കുമ്പള റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവിക്കുന്ന ഇയാള്‍ക്ക് ഓട്ടോ ഡ്രൈവര്‍മാരാണ് വെള്ളവും ഭക്ഷണവും നല്‍കിയിരുന്നത്. ശനിയാഴ്ച റെയില്‍വെ സ്‌റ്റേഷനില്‍ അങ്ങുമിങ്ങും നടക്കുന്നതിനിടയില്‍ വീണു പരിക്കേറ്റു. ഈ വിവരമറിഞ്ഞ് ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി അല്‍ത്താഫിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. അല്‍ത്താഫിനു സുരക്ഷിതമായ ഒരിടം കണ്ടെത്തണമെന്നു കണക്കുകൂട്ടിയ ഓട്ടോ ഡ്രൈവര്‍മാര്‍ വിവരം മഞ്ചേശ്വരത്തെ സ്‌നേഹാലയം അധികൃതരെ അറിയിച്ചു. അല്‍ത്താഫിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായ സ്‌നേഹാലയം അധികൃതര്‍ ഞായറാഴ്ച രാവിലെ ആംബുലന്‍സുമായി എത്തി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍മാരെ നാട്ടുകാര്‍ അഭിനന്ദിച്ചു.
