പാറ്റ ഏറ്റവും വിഷമം പിടിച്ച അവസ്ഥയിലായി.
മകൻ കണ്ണൻ്റെ വിവാഹം.
പറക്കമുറ്റാത്ത ആറ് കുഞ്ഞുമക്കൾ, മാനസികവിഭ്രാന്തിയിലായ ഭർത്താവിൻ്റെ പെങ്ങൾ.
എന്തു ചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
ഇതൊക്കെയാണെങ്കിലും എല്ലാം ഉള്ളിലൊതുക്കി ദുഃഖം പുറത്തു കാണിക്കാതെ ആണ്ടി ജീവിക്കുന്നു.
നാട്ടിലെ പൊതുപ്രശ്നങ്ങളിൽ നിന്ന് ആണ്ടി വിട്ടു നിന്നിരുന്നില്ല. പ്രക്കാനത്ത് ഒരു സർക്കാർ സ്കൂൾ അനുവദിച്ച കാര്യം ആണ്ടി അറിഞ്ഞു. സർക്കാർ സ്കൂളാവുമ്പോൾ കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലം നാട്ടുകാർ നൽകണം. എങ്കിലേ കെട്ടിട നിർമ്മാണം നടത്താൻ സർക്കാർ സന്നദ്ധമാവൂ. അതിന് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർക്കാൻ പ്രദേശത്തെ രാഷ്ട്രീയ നേതൃത്വം മുന്നോട്ടു വന്നു. സ്ഥലം കണ്ടെത്തണം, സർക്കാർ കെട്ടിടമാകുന്നതു വരെ താൽക്കാലിക കെട്ടിടമുണ്ടാക്കണം. ഇതൊക്കെയായിരുന്നു യോഗത്തിൻ്റെ അജണ്ട. പ്രദേശത്തെ സാമ്പത്തിക ഭദ്രതയുള്ള വ്യക്തികൾ, സന്നദ്ധമായി പ്രവർത്തിക്കാൻ തയ്യാറുള്ളവർ, വിദ്യാഭ്യാസത്തിൽ മുന്നോട്ടു പോയ വ്യക്തികൾ എന്നിവരെയൊക്കെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. യോഗാധ്യക്ഷനായി പ്രദേശത്തെ സമ്പന്നനായ കാരിക്കുട്ടിയുടെ മൂത്തമകൻ നാരായണനെ നിശ്ചയിച്ചു.
ആമുഖമായി നല്ലൊരു പ്രഭാഷണം നടത്തിക്കൊണ്ട് യോഗത്തിൽ പങ്കെടുത്തവരെ ആവേശഭരിതനാക്കാൻ അദ്ദേഹം ശ്രമിച്ചു. യോഗത്തിൽ പങ്കെടുത്തവരിൽ സമ്പത്തു കൊണ്ടും വിദ്യകൊണ്ടും ഉന്നത സ്ഥാനത്തുള്ളവനായിരുന്നു അദ്ദേഹം.
പ്രദേശത്തെ കുട്ടികൾ വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനത്തെത്താതിരിക്കാൻ കാരണം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭാവം തന്നെയാണെന്നും അതിനു പരിഹാരം നാട്ടിൽ തന്നെ ഒരു വിദ്യാലയം സ്ഥാപിതമാവുക എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. അച്ഛന് സമ്പത്തുള്ളതുകൊണ്ടും , പഠിക്കാൻ ആഗ്രഹമുള്ളതു കൊണ്ടുമാണ് അകലെ പോയി വിദ്യാഭ്യാസം നേടാൻ എനിക്കായത്. ഈ പ്രദേശത്തെ കുട്ടികൾക്ക് ഓലാട്ടോ പാലക്കുന്നിലോ പോയിട്ടു വേണം പ്രാഥമിക വിദ്യാഭ്യാസം നേടാൻ. ദരിദ്ര കർഷകരായ പ്രദേശത്തുകാർക്ക് അവരുടെ മക്കളെ ഇത്രയുമകലെപറഞ്ഞയച്ചു പഠിപ്പിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ മക്കളെ എന്തെങ്കിലും വരുമാനമുണ്ടാക്കാനുള്ള പണിക്ക് വിടാനാണ് താൽപര്യം.
ആ ചിന്ത മാറണം.നമ്മുടെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി സർക്കാർ ജോലി ലഭ്യമാക്കാനുള്ള ശ്രമം ആരംഭിക്കണം. “
പ്രസംഗം കേട്ട് എല്ലാവരും കയ്യടിച്ചു.
പലരും സംഭാവന വാഗ്ദാനം ചെയ്യാൻ മുന്നോട്ടു വന്നു.
അസൈനാർക്കയുടെ മകനും കച്ചവടക്കാരനുമായ സുലൈമാനാണ് ആദ്യ സംഭാവന നൂറ് രൂപ വാഗ്ദാനം ചെയ്തത്.
തുടർന്ന് യോഗത്തിനെത്തിയ എല്ലാവരും അവരവർക്കാവുന്ന തുക സംഭാവനയായി വാഗ്ദാനം ചെയ്തു.
അങ്ങനെ പ്രാഥമിക പ്രവർത്തനത്തിനും ചെറിയൊരു ഓലഷെഡുണ്ടാക്കാനുമുള്ള തുക വാഗ്ദാനത്തിലൂടെ ലഭിച്ചു.
ഇനി ഏറ്റവും പ്രധാനം സ്കൂൾ കെട്ടിടമുണ്ടാക്കാനുള്ള സ്ഥലമാണ്.
ഒരു ഏക്രസ്ഥലം കിട്ടണം.
കുട്ടികൾക്ക് എത്തിപ്പെടാൻ സൗകര്യമുള്ള ഇടമായിരിക്കണം.
ഇതെങ്ങിനെ കിട്ടുമെന്ന് എല്ലാവരും തലപുകഞ്ഞാലോചിച്ചു.
പ്രക്കാനത്തെ കൂളിപ്പാറയിൽ സ്ഥലമുണ്ട്. അവിടെ കുട്ടികൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്.
പ്രദേശത്തെ ഭൂവുടമകൾക്ക് ഭൂമിയുണ്ട്. അത് നൽകാനുള്ള മനസ്സ് അവർക്കില്ല. അവിടെ കൂടിയിരിക്കുന്നവരിൽ സാമൂഹ്യബോധവും സന്നദ്ധതയും കുറച്ചെങ്കിലും ഭൂമിയും ഉള്ള ആണ്ടിയുടെ മുഖത്തേക്കായി എല്ലാവരുടേയും നോട്ടം. ആ യോഗത്തിൽ ഷർട്ടും മുണ്ടും ധരിച്ചു വന്നവർ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. ബാക്കിയെല്ലാവരും തോർത്തു മുണ്ടിലും തൊപ്പിപ്പാളയിലും തന്നെ. ആണ്ടിയും ആ ഗ്രൂപ്പിലാണ്.
ആണ്ടിയുടെ പറമ്പ് പ്രക്കാനത്തിൻ്റെ ഹൃദയസ്ഥാനത്താണ്.
പ്രദേശത്തിൻ്റെ നാലുഭാഗത്തു നിന്നും എത്തിപ്പെടാൻ സൗകര്യം. ആർക്കും ആണ്ടിയുടെ പേരെടുത്തു പറയാൻ ആവുന്നില്ല. പക്ഷേ എല്ലാവരുടെ മുഖവും അക്കാര്യം പറയാതെ പറയുന്നുണ്ട്. പെട്ടെന്ന് ആണ്ടി ചാടി എഴുന്നേറ്റു. അദ്ദേഹം എന്താണ് പറയാൻ പോകുന്നതെന്ന് എല്ലാവരും ചെവി കൂർപ്പിച്ചിരുന്നു. “വീട്ടുകാരുമായി ആലോചിച്ച് സ്ഥലക്കാര്യം രണ്ട് ദിവസത്തിനുള്ളിൽ ഞാൻ പറയാം.”
പ്രസ്താവന കേൾക്കേണ്ട താമസം എല്ലാവരും കയ്യടിച്ചു.
ആണ്ടിയൊന്നു പറഞ്ഞാൽ പറഞ്ഞതു തന്നെ”. പലരും മനസ്സിൽ പറഞ്ഞു.
സ്വന്തം വീട്ടിൽ ഇത്രയൊക്കെ പ്രയാസം അനുഭവിക്കുമ്പോഴും അതിനെയൊക്കെ അനായാസം നേരിടുന്ന ആണ്ടിയുടെ മനോധൈര്യത്തേയും നാട്ടുകാർ പുകഴ്ത്തി പറഞ്ഞു.
മീറ്റിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ആണ്ടി കണ്ടത് കുറ്റിയിൽ കെട്ടിയിട്ട പെങ്ങൾ ചിരിച്ചു കൊണ്ട് ‘ഏട്ടാ ” എന്ന് വിളിക്കുന്നതാണ്.
അവളുടെ മാനസിക നില ശരിയായിരിക്കുന്നു.
ആണ്ടി വീട്ടിലെ എല്ലാവരേയും ഇക്കാര്യം അറിയിച്ചു.
അവരെ കുറ്റിയിൽ നിന്നും വിമുക്തയാക്കി. കുളിപ്പിച്ച് ഡ്രസ്സു മാറ്റിച്ചു.
എല്ലാം പഴയപോലെയായി.
ഏറ്റവും അധികം സന്തോഷിച്ചത് പാറ്റയാണ്.
മകൾ വന്ന് അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
വീട്ടിലെ എല്ലാവർക്കും സന്തോഷമായി. അയൽപക്കക്കാർ ഓരോരുത്തരായി വന്നു. രണ്ടു മാസം മുമ്പ് കണ്ട സ്ത്രീയും ഇപ്പോഴത്തെ സ്ത്രീയേയും അവർ താരതമ്യം ചെയ്തു.
ആണ്ടിക്കറിയാം മനസ്സിൽ പിടിപെട്ട ഇത്തരം ആഘാതം ഒന്നോ രണ്ടോ മാസം കൊണ്ട് ശരിപ്പെടുമെന്ന്.
ഒന്നു രണ്ട് ആഴ്ച കഴിഞ്ഞപ്പോൾ അവരും മകളും സ്വന്തം വീട്ടിലേക്ക് തന്നെ പോകാൻ തീരുമാനിച്ചു. എളാമ്മയുടെ അസുഖം ഭേദമായതിൽ കണ്ണനും സന്തോഷിച്ചു. അവർ സ്വന്തം വീട്ടിലേക്ക് പോവുന്നതായിരിക്കും നല്ലതെന്ന് കണ്ണനും പറഞ്ഞു.
പക്ഷെ മാലതിക്ക് വിഷമമായിരുന്നു, ഇവിടം വിട്ടു പോകാൻ.
കാരണം ഒന്നും സംസാരിക്കില്ലെങ്കിലും തമ്മിൽ കാണുന്നത് കുറവാണെങ്കിലും കണ്ണൻ അവളുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയിരുന്നു.
ഒരുമിക്കാനും ഒന്നിച്ചു ജീവിക്കാനുമൊക്കെ അവളുടെ മനസ്സ് എന്നോ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
ഈ സന്തോഷ നിമിഷങ്ങളും ആഴ്ചകളും കടന്നുപോയപ്പോൾ പാറ്റേട്ടി എന്തോ കാര്യം പറയാനോങ്ങി ആണ്ടിയുടെ മുമ്പിലെത്തി.
“,പെങ്ങളെ പെട്ടെന്ന് പറഞ്ഞയക്കരുത്. എനിക്കൊരു കാര്യം പറയാനുണ്ട്.”
അല്പം പതർച്ചയോടെയുള്ള പാറ്റയുടെ വർത്താമാനം കേട്ടപ്പോൾ ആണ്ടിക്ക് അതറിയാനുള്ള ആകാംക്ഷ കൂടി.
കുട്ടികൾ എന്തോ അപകടം വരുത്തി വെച്ചോ എന്നാണ് ആണ്ടിയുടെ ചിന്ത പോയത്.
“പിന്നെ ഒരു കാര്യം പറയാനുണ്ട്.
നിങ്ങൾ അംഗീകരിച്ചേ പറ്റു”
അതും കൂടെ കേട്ടപ്പോൾ ആണ്ടിയുടെ മനസ്സ് കൂടുതൽ പതറി.
“ഇല്ല, നീ ഭയപ്പെടാതെ കാര്യം പറയൂ”
“നിങ്ങളുടെ പെങ്ങടെ അസുഖം മാറാൻ ഞാനൊരു നേർച്ച നേർന്നിട്ടുണ്ട്. “
പൊതുവെ ഇത്തരം കാര്യങ്ങളിൽ വിശ്വാസവും താൽപര്യവും ഇല്ലാത്ത വ്യക്തിയാണല്ലോ ആണ്ടി. അത് കൊണ്ട് തന്നെ തൽക്ഷണം ആണ്ടിയത് നിഷേധിച്ചു.
“നിൻ്റെയൊരു നേർച്ച,അതൊന്നും വേണ്ട.”
” ഇത് എൻറെ വിശ്വാസമാണ്. നിങ്ങൾ അംഗീകരിച്ചേ പറ്റൂ. ഞാൻ പ്രാർത്ഥന നേർന്ന് ഏഴാം ദിവസമാണ് നിങ്ങളുടെ പെങ്ങൾ പഴയ പോലെ ആയത്.”
പക്ഷെ പാറ്റ വിട്ട് കൊടുക്കാൻ തയ്യാറല്ലായിരുന്നു.
” ആ… എങ്കിൽ പറ എന്താ നേർച്ച.?”
” കതിവന്നൂർ വീരൻ വെള്ളാട്ടം കഴിക്കണം”
“എന്നാൽ ഈ മാസം തന്നെയാവട്ടെ. “
ഒടുവിൽ പാറ്റയുടെ വിശ്വാസത്തിന് ആണ്ടി പച്ചക്കൊടി വീശി.