കാസര്‍കോട്: കുറ്റിക്കാട്ടില്‍ മദ്യശേഖരം. പിടിച്ചെടുത്ത് മണ്ണിലേക്ക് ഒഴുക്കിവിട്ട് തൊഴിലുറപ്പു തൊഴിലാളികള്‍. പടന്ന പഞ്ചായത്തിലെ കാന്തലോട്ടാണ് വേറിട്ട സംഭവം നടന്നത്. ബുധനാഴ്ച രാവിലെ തൊഴിലുറപ്പു തൊഴിലാളികളാണ് ജോലിക്കിടെ കുറ്റിക്കാട്ടില്‍ 18 ബോട്ടില്‍ മദ്യം കണ്ടെത്തിയത്. പ്രദേശത്ത് അനധികൃതമായി മദ്യം വില്‍പന നടത്തുന്നവര്‍ സൂക്ഷിച്ചതാണവയെന്നു സംശയിക്കുന്നു. ഉടന്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ലഹരിയില്‍ അക്രമം നടക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ തൊഴിലുറപ്പു തൊഴിലാളികള്‍ ഒറ്റക്കെട്ടായി ഒരു തീരുമാനമെടുത്തു. സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരി ഇനി വേണ്ട. പൊലീസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പിടിച്ചെടുത്ത മദ്യം മുഴുവന്‍ ഇവര്‍ മണ്ണിലേക്ക് ഒഴുക്കി വിട്ട് മാതൃകയായി.
