കാസര്‍കോട്: രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക സമിതി, കവിയുടെ പേരില്‍ ഏര്‍പെടുത്തിയ അവാര്‍ഡ് പ്രശസ്ത വിവര്‍ത്തക സാഹിത്യകാരന്‍ കെ.വി കുമാരന്‍ മാസ്റ്റര്‍ക്ക്.
സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നതെന്ന് സമിതി സെക്രട്ടറി ഉമേഷ് എം.സാലിയാന്‍ അറിയിച്ചു. അയ്യായിരം രൂപയും പ്രശംസാപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് മാര്‍ച്ച് 23 ന് രാവിലെ 10 മണിക്ക് ഗിളിവിംഡുവില്‍ കവിയുടെ ജന്മവാര്‍ഷിക ദിനാചരണ പരിപാടിയില്‍ കര്‍ണാടക ബോര്‍ഡര്‍ ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ സോമണ്ണ ബേവിനമറദ സമ്മാനിക്കും. ചടങ്ങ് എ.കെ.എം. അഷ്‌റഫ് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ അധ്യക്ഷനായിരിക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ., സമിതി സെക്രട്ടറി ഉമേഷ് എം.സാലിയാന്‍, അതോറിറ്റി സെക്രട്ടറി പ്രകാശ് മത്തിഹള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും. ബഹുഭാഷാ കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അവാര്‍ഡ് കന്നഡ കവി ഡോ. രമാനന്ദ ബനാരിയ്ക്കായിരുന്നു. കേന്ദ്ര, കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡ് കഴിഞ്ഞ ആഴ്ചയാണ് കെ.വി.കുമാരന്‍ മാസ്റ്റര്‍ക്ക് ലഭിച്ചത്.
