ആലപ്പുഴ: പാര്‍സലില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ ഹോട്ടല്‍ ഉടമയെ യുവാക്കള്‍ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ആലപ്പുഴയിലെ താമരക്കുളത്താണ് സംഭവം. പൊറോട്ടയും ബീഫും വാങ്ങിയതിന് ഒപ്പം നല്‍കിയ പാര്‍സലില്‍ ഗ്രേവിയുടെ അളവ് കുറവെന്ന് ആരോപിച്ചാണ് യുവാക്കള്‍ ഹോട്ടലുടമയെ ചട്ടുകം കൊണ്ട് തലയ്ക്കടിച്ചത്. ഹോട്ടല്‍ ഉടമ മുഹമ്മദ് ഉവൈസിന് പരുക്കേറ്റു. മൂന്നുപേരാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച വൈകീട്ടോടെയാണ് താമരക്കുളം ജംഗ്ഷന് സമീപത്തുള്ള ഹോട്ടലില്‍ യുവാക്കളും ഹോട്ടലുടമയും തമ്മില്‍ ഏറ്റുമുട്ടിയത്. തങ്ങള്‍ 12 പൊറോട്ട വാങ്ങിയെന്ന് അറിഞ്ഞിട്ടും അതിന് അനുസരിച്ചുള്ള ഗ്രേവി നല്‍കിയില്ലെന്ന് പറഞ്ഞ് യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരോട് തട്ടിക്കയറുകയായിരുന്നു. സംഭവം ആരാഞ്ഞ ഹോട്ടല്‍ ഉടമയുമായും യുവാക്കള്‍ വാക്കേറ്റമുണ്ടാക്കി. ഇതിനിടെ ഒരു യുവാവ് ചട്ടുകവുമായെത്തി ഉവൈസിനെ ആക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ എത്തിയ ഉവൈസിന്റെ സഹോദരന്‍ മുഹമ്മദ് നൗഷാട്, ഭാര്യാമാതാവ് റെജില എന്നിവര്‍ക്കും പരിക്കേറ്റു. ഉവൈസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നൂറനാട് പൊലീസ് കേസെടുത്തു.
