കാസർകോട്: ജൂസിൽ മദ്യം കലർത്തി നൽകി സ്വകാര്യചിത്രങ്ങൾ പകർത്തിയെന്ന യുവതിയുടെ പരാതിയിൽ കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് യാസിനെ (26) പൊലീസ് അറസ്‌റ്റ് ചെയ്തു. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണു ഇയാൾ പിടിയിലായത്. കഴിഞ്ഞവർഷമാണു കേസിനാസ്‌പദമായ സംഭവം. ചന്തേര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ യുവതിയാണു പരാതിക്കാരി. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ സമൂഹമാധ്യമത്തിലൂടെയാണു പ്രതി പരിചയപ്പെട്ടത്. അതിനിടെ കൂടിക്കാഴ്ചയിൽ പകർത്തിയ ചിത്രങ്ങൾ ഭർത്താവിനും മക്കൾക്കും കുടുംബാംഗങ്ങൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിയെ ചന്തേര എസ്ഐ മുഹമ്മദ് മുഹ്‌സിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അറസ്‌റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.
