കണ്ണൂര്‍: ഗള്‍ഫില്‍ നിന്നു കടത്തിക്കൊണ്ടുവന്ന മൂന്നര ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് സിഗരറ്റുമായി യുവാവ് അറസ്റ്റില്‍. പാനൂര്‍, പൂക്കോത്തെ കളത്തില്‍ മീത്തല്‍ വീട്ടില്‍ എം. ഷുഹൈബ് (29) ആണ് പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. സുധീറിന്റെ പിടിയിലായത്. 240 ഇലക്ട്രോണിക് സിഗരറ്റും പിടിച്ചെടുത്തു. അഞ്ചെണ്ണം വീതമുള്ള 48 പെട്ടികളിലായാണ് ഇലക്ട്രോണിക് സിഗരറ്റുകള്‍ സൂക്ഷിച്ചിരുന്നത്. ഒരു സിഗരറ്റ് 1500 രൂപ നിരക്കിലാണ് വില്‍പ്പന നടത്തിയിരുന്നത്. വിദ്യാര്‍ത്ഥികളാണ് ഇ സിഗരറ്റിന്റെ പ്രധാന ആവശ്യക്കാരെന്നു പറയുന്നു. ഒരെണ്ണം വാങ്ങിയാല്‍ ഏറെ കാലം ഉപയോഗിക്കാന്‍ കഴിയുമെന്നതും ഇ സിഗരറ്റിന്റെ പ്രത്യേകതയാണ്.
ചൊവ്വാഴ്ചയാണ് ശുഹൈബ് ഗള്‍ഫില്‍ നിന്നും എത്തിയത്. നാട്ടിലെത്തിയിട്ടും വീട്ടില്‍ പോകാതെ മാക്കൂര്‍ പീടികയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു വരികയായിരുന്നു. രണ്ടു ഏജന്റുമാരെ വച്ച് ആവശ്യക്കാരെ ലോഡ്ജിലേക്കു വിളിച്ചു വരുത്തിയായിരുന്നു ഇ സിഗരറ്റ് വില്‍പന നടത്തിയിരുന്നത്. സാധനങ്ങളെല്ലാം വില്‍പ്പന നടത്തി കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകാമെന്നാണ് അറസ്റ്റിലായ ഷുഹൈബ് കണക്കു കൂട്ടിയിരുന്നതെന്നു പൊലീസ് പറഞ്ഞു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ തൊണ്ടി മുതല്‍ സഹിതം പിടികൂടുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.
