കദീജുമ്മയ്ക്ക് തുണയായി കെഎസ്ഇബി എന്‍ജിനീയേഴ്‌സ് അസോ; പാതിവഴിയിലായ വീടിന് മുകളിലെ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിച്ചു, ഇനി ഗ്രാമപഞ്ചായത്ത് കൂടി കനിഞ്ഞാല്‍ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവും

കുമ്പള: കുമ്പള ബദ്രിയാ നഗറിലെ വിധവയായ ഖദീജുമ്മയ്ക്ക് ഒടുവില്‍ കെഎസ്ഇബി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ തുണയായി. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിക്കുന്ന വീടിന് മുകളില്‍ വൈദ്യുതി ലൈന്‍ ഉള്ളതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി ഖദീജുമ്മയുടെ വീട് പണി പാതിവഴിയില്‍ നിലക്കുകയായിരുന്നു. കാരവല്‍ ചിത്രം സഹിതം ഇതു വാര്‍ത്തയാക്കിയിരുന്നു. സംഭവം വാര്‍ത്തയായതോടെ ഖദീജുമ്മയ്ക്ക് വൈദ്യുതി പോസ്റ്റ് മാറ്റി നല്‍കാന്‍ കെഎസ്ഇബി എഞ്ചിനീയര്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. അംഗങ്ങളില്‍ നിന്ന് സ്വരൂപിച്ചടുത്ത 15,000 രൂപ ചെലവഴിച്ചാണ് വൈദ്യുതി ലൈന്‍ ഇപ്പോള്‍ മാറ്റി സ്ഥാപിച്ചിരിക്കുന്നത്.
2019-20 വാര്‍ഷിക ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുമ്പള പഞ്ചായത്താണ് കദീജുമ്മയ്ക്ക് നായികാപ്പ് ശിവാജി നഗറില്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ച ഭൂമിയില്‍ വീട് നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചിരുന്നു. വീടുപണി പകുതിയായപ്പോഴാണ് ഖദീജുമ്മയുടെ വീട് എന്ന സ്വപ്നത്തിന് വൈദ്യുതി ലൈന്‍ തടസ്സമായി നിന്നത്. പിന്നീട് വൈദ്യുതി ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ വേണ്ടി കദീജുമ്മ പരാതികളുമായി കെഎസ്ഇബി- പഞ്ചായത്ത് ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. സ്വന്തം ചെലവില്‍ വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കാനുള്ള സാമ്പത്തികശേഷി വിധവയായ ഖദീജുമ്മയ്ക്കു ഉണ്ടായിരുന്നില്ല. കൂലി വേല ചെയ്താണ് കുടുംബം പോറ്റുന്നത്. ഇപ്പോള്‍ ബദ്രിയാ നഗറില്‍ വാടക കെട്ടിടത്തിലാണ് താമസം.
പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് നാഗരാജ് ഭട്ടിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും, അസോസിയേഷന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയും ചെയ്യുകയായിരുന്നു. കാസര്‍കോട് സബ് ഡിവിഷനല്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രവീന്ദ്രന്‍, സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ സുമിത്രന്‍, സബ് എന്‍ജിനീയര്‍ സബ് നാദേവ് എന്നിവരുടെ നേതൃത്വത്തില്‍ ഇതിനുള്ള ശ്രമം ആരംഭിച്ചു.
കോണ്‍ട്രാക്ടര്‍ ദിനേശന്‍ പണിക്കൂലി പോലും വാങ്ങാതെ ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ ചെയ്തു കൊടുത്തു. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സി.എച്ച്, ട്രഷറര്‍ സുബിലാഷ് കുമാര്‍, കേന്ദ്ര ഭാരവാഹി സജിത് കുമാര്‍ തുടങ്ങിയവരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.
ഖദീജുമ്മയുടെ ദുരിതം കണ്ടറിഞ്ഞ് സഹായിക്കാന്‍ കെഎസ്ഇബി എന്‍ജിനീയേര്‍സ് അസോസിയേഷന്‍ തയ്യാറായതോടെ ഇനി ഭവന പദ്ധതിയിലെ ബാക്കി തുക കുമ്പള ഗ്രാമ പഞ്ചായത്ത് നല്‍കിയാല്‍ മാത്രമേ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാ വുകയുള്ളൂ.അതിന് ഇനി തടസ്സങ്ങള്‍ നീക്കി പഞ്ചായത്ത് കനിയണമെന്നാണ് ഖദീജയുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page