കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മാര്‍ച്ച് 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബേപ്പൂരിലെ വാടക വീട്ടിലാണ് സനലും മാതാവ് പ്രസീതയും താമസിക്കുന്നത്. കുണ്ടായിത്തോട്ടിലെ വീട്ടിൽ ഗിരീഷും രണ്ട് സഹോദരിമാരും ഇവരുടെ മക്കളുമാണ് താമസിച്ചിരുന്നത്. മാർച്ച് അഞ്ചിന് രാത്രി സനൽ മദ്യപിച്ച് ഗിരീഷിന്റെ വീട്ടിലെത്തിയെന്നാണ് വിവരം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സനൽ ഗിരീഷിനെ മർദ്ദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഗിരീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഗിരീഷിന്റെ ആരോഗ്യനില വഷളായതോടെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇതിനിടെ പൊലീസ് കേസെടുത്തതോടെ സനൽ ഒളിവിൽ പോയി. ഗിരീഷ് കൂലിപ്പണിക്കാരനായിരുന്നു. ഗിരീഷിന്റെ ഒരു സഹോദരിയുടെ ഭർത്താവ് മരിച്ചു. മറ്റൊരു സഹോദരി ഭർത്താവുമായി അകന്നാണ് കഴിയുന്നത്. ഇതോടെ രണ്ട് സഹോദരിമാരും ഗിരീഷിന്റെ വീട്ടിലായിരുന്നു താമസം.
സനൽ പല സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്നു. പ്രസീതയും സനലും രണ്ട് വർഷം മുൻപാണ് ബേപ്പൂരിലെ വാടക വീട്ടിലേക്ക് മാറിയത്. കുടുംബത്തിൽ പ്രശ്നങ്ങൾ പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍. മകൻ ലഹരി ഉപയോഗിക്കുന്നു എന്ന് ഗിരീഷ് പ്രചരിപ്പിച്ചു വിവാഹം മുടക്കി എന്നും പറയുന്നുണ്ട്. ആശുപത്രിയിലായിരിക്കെ കഴിഞ്ഞദിവസം ഇയാള്‍ പിതാവിനെ കാണാനെത്തിയിരുന്നു. മരണവിവരം അറിഞ്ഞതിനു പിന്നാലെ മകന്‍ ഒളിവില്‍പ്പോയതായാണ് വിവരം. പിതാവിനെ മകന്‍ മര്‍ദിച്ചെന്ന പരാതിയില്‍ നല്ലളം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മരണം. പൊലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു.
