കാസര്‍കോട്: ഫെബ്രുവരി 11ന് പുലര്‍ച്ചെ വീട്ടില്‍ നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടങ്ങി. പൈവളിഗെ മണ്ടേക്കാപ്പിലെ പ്രീയേഷ്- പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ(15)യെ കണ്ടെത്താനാണ് തെരച്ചില്‍ ആരംഭിച്ചത്.

ഡിവൈ എസ് പി. സി കെ. സുനില്‍കുമാര്‍, കുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി. വിനോദ് കുമാര്‍, വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, സ്ഥലത്തെ ക്ലബ്ബ്- സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് തെരച്ചില്‍ നടത്തുന്നത്. ഞായറാഴ്ച രാവിലെ ആരംഭിച്ച തെരച്ചില്‍ ഉച്ചവരെ തുടരുമെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 11ന് പുലര്‍ച്ചെയാണ് ശ്രേയയെ വീട്ടില്‍ നിന്നു കാണാതായത്.

ഇതുസംബന്ധിച്ച് കുമ്പള പൊലീസില്‍ പരാതി നല്‍കിയിരുന്നു. ശ്രേയയ്‌ക്കൊപ്പം 42 വയസുള്ള ഓട്ടോ ഡ്രൈവറെ കാണാതായതായും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വീട്ടിനു സമീപത്തെ കാട്ടിനകത്താണ് രേഖപ്പെടുത്തിയത്. രാവിലെ എട്ടുമണിയോടെ പ്രസ്തുത സ്ഥലത്തു വച്ചു തന്നെ സ്വിച്ച് ഓഫ് ആയതായും വ്യക്തമായി. അതിനു ശേഷം രണ്ടു ഫോണുകളും ഓണ്‍ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് നായകളെ ഉപയോഗിച്ചും സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ച രാവിലെയോടെ നാട്ടുകാരുടെ സഹകരണത്തോടെ വ്യാപക തിരച്ചില്‍ ആരംഭിച്ചത്. അതേസമയം മകളെ കര്‍ണ്ണാടയിലേയ്ക്ക് കടത്തികൊണ്ടുപോയെന്നു മാതാപിതാക്കള്‍ സംശയം പ്രകടിപ്പിച്ചു.
