കാസര്‍കോട്: പൈവളിഗെയിലെ പതിനഞ്ചുകാരിയെ കാണാതായിട്ട് ഒരുമാസം പിന്നിടുന്നു. മകളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. അഡ്വ.ടിഇ സജല്‍ ഇബ്രാഹിം വഴിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈമാസം 12 ന് പുലര്‍ച്ചെ മുതലാണ് പെണ്‍കുട്ടിയെ കാണാതായത്. നൂറോളം ആളുകളെ ചോദ്യം ചെയ്തിട്ടും കുട്ടിയെ കുറിച്ച് വ്യക്തത ലഭിച്ചില്ല.
പരിസരത്തെ ഒരു ഓട്ടോ ഡ്രൈവറെയും കാണാതായിരുന്നു. രണ്ടാളുകളുടെയും മൊബൈല്‍ ഫോണ്‍ റിങ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഓഫായി. ഡോഗ് സ്‌ക്വാഡ്, ഡ്രോണ്‍ എന്നിവ ഉപയോഗിച്ചും പരിശോധന നടന്നിരുന്നു. കാസര്‍കോട്, മംഗളുരു റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും നാട്ടുകാരുടെ സഹായത്തോടെ മടിക്കേരിയിലെയും മറ്റു കര്‍ണടകയിലെയും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിരുന്നു. മാതാവ് ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതിയും നല്‍കിയിരുന്നു. കുമ്പള ഇന്‍സ്പക്ടര്‍ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് അന്വേഷണം പുരോഗമിക്കുന്നത്.
