7 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം; കൂടുതല്‍ സമയം രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ 7 ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി. കൊല്ലം ജില്ലയില്‍ അള്‍ട്രാ വയലറ്റ് സൂചികയില്‍ ഓറഞ്ച് അലര്‍ട്ട് രേഖപ്പെടുത്തി. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. പൊതുജനങ്ങളില്‍ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, പാലക്കാട് മലപ്പുറം ജില്ലകളില്‍ അള്‍ട്രാ വയലറ്റ് സൂചികയില്‍ യെല്ലോ അലര്‍ട്ടാണ് രേഖപ്പെടുത്തിയത്.
പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മല്‍സ്യ തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
ഇന്നും നാളെയും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് പ്രവചനം. ഈ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണുള്ളത്.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ നാളെ വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page