കാസര്‍കോട്: വീടിനോട് ചേര്‍ന്ന ഷെഡിന് തീപിടിച്ച് ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു. ബുധനാഴ്ച അര്‍ധ രാത്രി കുമ്പള, മൊഗ്രാല്‍ ചളിയംകോട് അബ്ദുള്ളയുടെ വീട്ടിലെ ഷെഡിനാണ് തീപിടിച്ചത്. ഷെഡിലുണ്ടായിരുന്ന ഫ്രിഡ്ജ്, മിക്‌സി, ഗ്രൈന്ററുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ അഗ്നിക്കിരയായി. രാത്രി 12 മണിയോടെ ജനല്‍ ചില്ല് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. അപ്പോഴാണ് അടുക്കളയോട് ചേര്‍ന്ന് നിര്‍മിച്ചിട്ടുള്ള ഷെഡില്‍ നിന്നും തീപടരുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്നും അഗ്നി രക്ഷാ സേനയെത്തി തീയണച്ചു. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പാചക വാതക സിലിണ്ടര്‍ ഓണ്‍ ചെയ്ത നിലയിലായിരുന്നു. അഗ്നിരക്ഷാ സേന വെള്ളം ചീറ്റി തീകെടുത്ത ശേഷം പാചക വാതക സിലിണ്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചു. ഷെഡിനകത്തുണ്ടായിരുന്ന കുറ്റി എടുത്തുമാറ്റി. ഷെഡില്‍ ചകിരിയും വിറകും മരക്കഷണങ്ങളും ഉണ്ടായിരുന്നു. അതില്‍ തീപടര്‍ന്നാണ് ഷെഡിന് തീപിടിച്ചത്. സിലിണ്ടര്‍ സമയോചിതമായി എടുത്തുമാറ്റിയതിനാല്‍ വലിയൊരു പൊട്ടിത്തെറി ഒഴിവായെന്ന് അഗ്നിസേനാ അധികൃതര്‍ പറഞ്ഞു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചതായി വീട്ടുകാര്‍ പറഞ്ഞു. കാസര്‍കോട് അഗ്നി രക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സുകുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അബയ്‌സണ്‍, ജിതിന്‍ കൃഷ്ണന്‍, അരുണാ പി നായര്‍, ഹോംഗാര്‍ഡ് രാജു, ഡ്രൈവര്‍ അജേഷ് എന്നിവര്‍ ചേര്‍ന്ന് രണ്ടുമണിക്കൂര്‍ കൊണ്ട് തീയണച്ചു.
