നമ്മുടെ പഴയ കാല ഓര്‍മ്മകള്‍ മനസ്സിനെന്നും കുളിര്‍മ്മ നല്‍കുന്നതാണ്. അത് എന്ത് തന്നെയായാലും ഓര്‍ക്കുമ്പോള്‍ അറിയാതെ ചുണ്ടില്‍ ഒരു ചെറിയ ചിരി കടന്നു വരും.
അങ്ങനെയുള്ള ഒരോര്‍മ്മയാണ്.
1970 ലെ കരിവെള്ളൂരിലെ കച്ചവട പീടികകള്‍.
അതിന്നും ഓര്‍മ്മയില്‍ ഇങ്ങനെ തങ്ങിനില്‍ക്കുന്നുണ്ട്.
അന്ന് ഇരുപതു വയസ്സുകാരനായ സ്‌കൂള്‍ അധ്യാപകനായിരുന്നു ഞാന്‍. വൈകുന്നേരം സ്‌കൂള്‍ വിട്ടു കഴിഞ്ഞാല്‍ കരിവെള്ളൂരിലേക്ക് ഒരു നടത്തമുണ്ട്. ചങ്ങമ്പള്ളി റോഡ് പാലം കടന്നു.
അവിടം മുതല്‍ കച്ചവട പീടികകളുടെ തുടക്കമായി.
ശിവരായ പൈയുടെ പഴയ ഇരുനില പിടികയാണ് ആദ്യം കാണുക.
പിന്നെ സുലോചന ചേച്ചിയുടെ തയ്യല്‍ കടയാണ്. സമര്‍ത്ഥയായ തയ്യല്‍ ടീച്ചറും തയ്യല്‍ക്കാരിയുമായിരുന്നു അവര്‍.
അത് കഴിഞ്ഞാല്‍ എം.ടി.പി മജീദിച്ചാന്റെ പച്ചക്കറിക്കട.
അദ്ദേഹം നല്ല നീളമുള്ള ഒരു മനുഷ്യനാണ്. മനുഷ്യസ്‌നേഹിയും സഹായിയുമായിരുന്നു. അതിന്റെ തൊട്ടടുത്ത് ഒരു കള്ളുഷാപ്പുണ്ടായിരുന്നു. അതുകഴിഞ്ഞാല്‍ ഏവണ്‍ ക്ലബ്ബിലേക്കു കയറി പോകാനുള്ള കോവണിയാണ്.
അന്ന് ശിവരായ പൈയുടെ ഒന്നാം നിലയില്‍ അറ്റത്തുള്ള ഒരു ചെറിയ മുറിയിലായിരുന്നു ക്ലബ്ബിന്റെ തുടക്കം.
റമ്മി, കേരം ബോര്‍ഡ,് ചെസ്സ് തുടങ്ങിയ കളികള്‍ക്കുള്ള സൗകര്യങ്ങളാണ് അവിടെയുണ്ടായിരുന്നത്.
എല്ലാ പത്രങ്ങളും, മലയാളത്തിലെ മിക്കവാരികകളും സ്‌പോണ്‍സര്‍ഷിപ്പിലൂടെ ക്ലബ്ബില്‍ എത്തുമായിരുന്നു.
ആ സ്ഥാപനത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു.
ഇന്ന് സ്വന്തമായി കെട്ടിടങ്ങളും സൗകര്യങ്ങളുമൊക്കെയുണ്ട്.
ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ് ഏവണ്‍ലൈബ്രറി.
ന്യൂസ് സെന്റര്‍, ഇന്‍ഡോര്‍ ഗെയിംസ്, ഔട്ട്‌ഡോര്‍ ഗയിംസ് എന്നിവക്കൊക്കെ സൗകര്യമുള്ള സ്ഥാപനമായി അതു മാറിക്കഴിഞ്ഞു.
താഴത്തെ നിലയില്‍ അറ്റത്ത് സുന്ദര പൈ സ്വാമിയുടെ പല ചരക്കുകടയാണ്. നല്ലൊരു കച്ചവട കേന്ദ്രമായിരുന്നു അത്. എളിമയുടെ ആള്‍ രൂപമാണ് സുന്ദര പൈ. ഒരു ചെറിയ മേശക്കരികില്‍ സ്റ്റൂളിലിരുന്ന് സാധനങ്ങളുടെ വില എഴുതിക്കുറിച്ച് കൂട്ടുന്നത് എന്നും കാണും.
ഇളം കളറുള്ള അര കയ്യന്‍ ഷര്‍ട്ടും സിങ്കിള്‍ മുണ്ടും കറുത്ത ഫ്രൈമുള്ള കണ്ണടയും ഷര്‍ട്ടിനിടയിലൂടെ കാണുന്ന പൂണൂലും -ഇതാണ് വേഷം. സഹായിയായി മകനും കടയിലുണ്ടാവാറുണ്ട്.
തുടര്‍ന്ന് ഇസ്തരിക്കാരന്‍ നാരായണന്‍ മാഷിന്റെ കടയാണ്.
കാലിന് സ്വാധീനമില്ലാത്ത വ്യക്തിയാണദ്ദേഹം.
ആ കടയുടെ പുറത്ത് പഴയൊരു മണ്‍തൂണില്‍ ചുവന്ന പോസ്റ്റ് ബോക്‌സുണ്ട്.
അതിനടുത്തായിരുന്നു കരിവെള്ളൂരിന്റെ പഴയ ബസ് സ്റ്റോപ്പ്.
ആ പോസ്റ്റ് ബോക്‌സിനടുത്തു വെച്ച് കരിവെള്ളൂരിന്റെ കമ്മ്യൂണിസ്റ്റ് നേതാവ് ഏ.വി. സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്നത് പലപ്പോഴും കാണാറുണ്ട്. ബസ്സ് കയറാന്‍ കാത്തു നില്‍ക്കുന്നതാവാം.
അതിനടുത്താണ് കെ.എം. പ്രഭാകരന്റെ സ്റ്റേഷനറി കട.
ശമ്പളം കിട്ടിയാല്‍ അടക്കണം എന്ന കണ്ടീഷനില്‍,മാഷന്മാര്‍ക്കെല്ലാം ആവശ്യമുള്ള സ്റ്റേഷനറി സാധനങ്ങള്‍ കടമായി നല്‍കും.
അധ്യാപക ജോലിയില്‍ പ്രവേശിച്ച ഉടനെ ഞാനൊരു ബാറ്ററി ടോര്‍ച്ച് കടമായി വാങ്ങിച്ചത് അവിടെ നിന്നായിരുന്നു.
അതിന്റെ തൊട്ടടുത്ത് ഒരു സിമന്റിട്ട ഇരുത്തിയുണ്ട്.
അതിനടുത്തായി പഴയ പാര്‍ട്ടി ആഫീസിലേക്ക് കയറി പോകാനും തൊട്ട് ഇടതു ഭാഗത്തുള്ള സാധു ബീഡി കമ്പനിയിലേക്ക് കയറാനുമുള്ള കോണിപ്പടി.
മണ്ണ് കൊണ്ട് തേച്ച അതിന്റെ ചുമരിലാണ്
‘ അടിയന്തിരാവസ്ഥ അറബിക്കടലില്‍ ‘ എന്ന് വെള്ളക്കളറിലെഴുതിയ ബഹുജന ശ്രദ്ധയാകര്‍ഷിച്ച വാക്യം തെളിഞ്ഞു നിന്നിരുന്നത്.
ആ ഇരുത്തിക്കപ്പുറത്ത് മാടക്കാല്‍ ഗോവിന്ദന്റെ ചായപ്പീടിക.
രാവിലെയും വൈകുന്നേരവും എപ്പോഴും അവിടെ തിരക്കായിരിക്കും.
വെള്ളമുണ്ട് മാടിക്കുത്തിയുടുത്ത് ഷര്‍ട്ടിടാതെ എന്നും സജീവമായി കാണുന്ന വ്യക്തിയാണ് ഗോവിന്ദന്‍.
തൊട്ടടുത്ത് ഏ.ജി.യുടെ ബീഡിക്കമ്പനി. വരാന്തയിലും ചുമര് നിര്‍മ്മിച്ചതായിരുന്നു പ്രസ്തുത ബീഡി കമ്പനി.
അതിനടുത്താണ് കരിവെള്ളൂരിലെ പ്രമുഖ തുണിക്കച്ചവടക്കാരന്‍ അപ്പുവേട്ടന്റെ പീടിക.
വര്‍ക്കി ബാലനും, എ.കെ. ചന്ദ്രനും നല്ല തിരക്കുള്ള ടൈലര്‍മാരായിരുന്നു.
കരിവെള്ളൂരിലെ ആദ്യകാല കമ്യൂണിസ്റ്റ് കാരനായ കുക്കോട്ട് ഇബ്രാഹിച്ചാന്റെ വാച്ച് റിപ്പേര്‍, സൈക്കിള്‍ വാടകക്ക് കൊടുക്കല്‍ എന്നിവയുടെ കടയാണ് അടുത്തത്. അക്കാലത്തെ കരിവെളളൂരിലെ ഏക വാച്ച് റിപ്പയര്‍ കടയായിരുന്നു അത്.
മേശമേല്‍ ഫിറ്റ് ചെയ്ത ഗ്ലാസ് കൂടിനടുത്ത് കണ്ണിന് ലെന്‍സ് ഫിറ്റ് ചെയ്ത് സ്റ്റൂളിലിരിക്കുന്ന ഇബ്രായിച്ചയേയും, കാക്കി ട്രൗസറും ബനിയനുമിട്ട് സൈക്കിള്‍ ടയറില്‍ കാറ്റു നിറക്കുന്ന ഇബ്രായിച്ചയേയും മറക്കാന്‍ കഴിയില്ല.
തൊട്ടടുത്ത് വെളുത്ത് തടിച്ച് സുന്ദരനായ എന്നും ചിരിച്ചു കൊണ്ട് നില്‍ക്കുന്ന കുഞ്ഞപ്പേട്ടന്റെ ബാര്‍ബര്‍ഷോപ്പ്.
മുമ്പിലും പിറകിലും വെച്ച കണ്ണാടിയും ഉയരമുള്ള മരക്കസേരയും ആദ്യമായി കണ്ടത് അവിടെ നിന്നാണ്.
മാസത്തില്‍ ഒരിക്കല്‍ കുഞ്ഞപ്പേട്ടന്റടുത്ത് ഞാന്‍ എത്തും മുടിമുറിക്കാന്‍.
മനോരമ ഏജന്റും സ്റ്റേഷനറിക്കച്ചവടക്കാരനുമായിരുന്ന തായ് ഗോവിന്ദേട്ടന്റെ പീടികയില്‍ എന്നെ പോലുള്ള ചെറുപ്പക്കാര്‍ എന്നും അല്പനേരം പോയി ഇരിക്കും.
അദ്ദേഹത്തിന്റെ വാചാലമായ സംസാരം കേട്ടിരിക്കാനായിരുന്നു,അത്.
മനോരമ പത്രത്തിന്റെ പ്രചാരണമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
അതില്‍ ടി.വി. കണ്ണേട്ടന്റെ പീടികമുറികള്‍ അക്കാലത്ത് വെച്ച് അല്പം പുതുമ ഉള്ളതായിരുന്നു.
കാരണം അത് പുതിയ കെട്ടിടമാണ്.
പോരാത്തതിന് നല്ല ശുചിത്വമുള്ള ചുറ്റുപാടുമാണ്.
അവിടെയാണ് ഉണിത്തിരി വൈദ്യരുടെ ആയുര്‍വേദ മരുന്നു ഷോപ്പും ടി.വി. കണ്ണേട്ടന്റെ ക്ലോത്ത് ഷോപ്പും.
കുറച്ചു കാലം മാത്രം ആയുസ്സുണ്ടായിരുന്ന എലൈറ്റ് നാരായണന്റെ റേഡിയോ വില്‍പനഷോപ്പും അവിടെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.
അതു കഴിഞ്ഞാണ് കരിവെള്ളൂരിലെ സര്‍ക്കാര്‍ ആശുപത്രി സ്ഥിതി ചെയ്തിരുന്നത്.
ബസാറിന്റെ തെക്കുഭാഗത്ത് കൊങ്ക രാമേട്ടന്റെ തുണിക്കടയും തയ്യല്‍ കടയും ഉണ്ടായിരുന്നു.
തൊട്ടടുത്ത മുറിയില്‍ എം.ടി.പി. അബ്ദുള്ള മാഷിന്റെ സ്റ്റേഷനറി കടയും പ്രവര്‍ത്തിച്ചിരുന്നു.
റോഡിന്റെ കിഴക്കുഭാഗത്ത് പ്രധാനമായും ഉണ്ടായത് നൂറ് കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന സാധു ബീഡിക്കമ്പനിയാണ്.
അതിനടുത്ത പള്ളി ബില്‍ഡിംഗില്‍ സ്വാമിയുടെ ഉടുപ്പി ഹോട്ടല്‍, കോരന്‍ വൈദ്യരുടെ പച്ചമരുന്നു കട, എന്നിവയും പ്രവര്‍ത്തിച്ചിതായി ഓര്‍മ്മ വരുന്നു.
കരിവെള്ളൂരിന്റെ കച്ചവട പീടികകളുടെ ഒരു പഴയ കാല ചിത്രം മനസ്സിലേക്കോടിയെത്തിയപ്പോള്‍ അതൊന്ന് കുറിച്ചു വെക്കാന്‍ തുനിഞ്ഞതാണ്.
