കാസര്‍കോട്: ബേഡഡുക്ക, പുല്ലൂര്‍-പെരിയ പഞ്ചായത്തുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇറങ്ങിയ പുലിയെ കുരുക്കാന്‍ വനം വകുപ്പ് അധികൃതര്‍ കൂടുസ്ഥാപിച്ചു. ഏതാനും ദിവസം മുമ്പ് അഞ്ചു വയസ്സുള്ള പെണ്‍പുലി കുടുങ്ങിയ കൊളത്തൂര്‍, നിടുവോട്ട്, ആവലുങ്കാലില്‍ ആണ് കഴിഞ്ഞ ദിവസം വനം വകുപ്പ് അധികൃതര്‍ കൂടു സ്ഥാപിച്ചത്. ഇവിടെ സ്ഥാപിച്ചിരുന്ന ക്യാമറയില്‍ എട്ടു വയസ്സു പ്രായം തോന്നിക്കുന്ന ആണ്‍പുലിയുടെ വ്യക്തമായ ചിത്രങ്ങള്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടു സ്ഥാപിച്ചത്. പ്രദേശത്ത് രണ്ടു പുലികള്‍ ഉള്ളതായി നേരത്തെ സംശയം ഉയര്‍ന്നിരുന്നു. പെണ്‍പുലിയെ കൂടുവച്ചു പിടികൂടിയതോടെ ഇണയെ തേടിയാണ് ആണ്‍പുലി പല ഭാഗങ്ങളിലും രാത്രികാലങ്ങളില്‍ എത്തുന്നതെന്നാണ് അധികൃതരുടെ നിഗമനം. ഇണയെ കാണാത്ത സാഹചര്യത്തില്‍ പുലി ഭീഷണിയായി തീര്‍ന്നേക്കാമെന്ന ചര്‍ച്ചകളും അധികൃതര്‍ക്കിടയില്‍ നടക്കുന്നുണ്ട്.
