കാസര്‍കോട്: മതമൈത്രിയും സൗഹൃദവും ഊട്ടിയുറപ്പിച്ച് പെരുങ്കളിയാട്ടം നടക്കുന്ന ക്ഷേത്രങ്ങളില്‍ സമൂഹ നോമ്പു തുറ. തൃക്കരിപ്പൂര്‍ രാമവില്യം കഴകം, നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പെരുങ്കളിയാട്ടത്തിന്റെ ഭാഗമായാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ജാതി മതഭേതമന്യേ നിരവധിപേര്‍ പങ്കെടുത്തു. പള്ളിക്കര കേണമംഗലം കഴകത്തില്‍ ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും പള്ളി കമ്മിറ്റി ഭാരവാഹികളും ക്ഷേത്രനടയില്‍ ഒരുമിച്ചിരുന്നുകൊണ്ടുള്ള സമൂഹ നോമ്പുതുറ നവ്യാനുഭവമായിമാറി. പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നത്. ഉത്സവത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനത്തിനായി പള്ളിക്കര ജമാഅത്ത് കമ്മിറ്റി ഉള്‍പ്പെടെ പരിസരങ്ങളിലെ 13 ഓളം ജമാഅത്ത് കമ്മിറ്റികളില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ ക്ഷേത്രസന്നിധിയില്‍ എത്തിച്ചിരുന്നു. മുനവറലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ഇത് കലവറയിലേക്ക് കൈമാറി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷനായി. തൃക്കരിപ്പൂര്‍ രാമവില്യം കഴകത്തില്‍ ക്ഷേത്ര കമ്മിറ്റിയും കളിയാട്ട കമ്മിറ്റിയും ചേര്‍ന്നാണ് നോമ്പുതുറ സംഘടിപ്പിച്ചത്. വള്‍വക്കാട് ജമാഅത്ത് ഇമാം അസ് വാഖ് ഹുദവി നേതൃത്വം നല്‍കി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, പഞ്ചായത്ത് പ്രസിഡന്റ് വികെ ബാവ, ഇ എം ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, എന്‍ കെ പി മുഹമ്മദ്, സി കെ ഇബ്രാഹിം, എം എ സി കുഞ്ഞബ്ദുള്ള, വി വി അബ്ദുള്ള ഹാജി, കെ പി അഷ്‌റഫ്, അമീര്‍ ഹാജി തലിച്ചാലം, വിപിപി ശുഹൈബ്, കഴകം പെരുങ്കളിയാട്ട സംഘാടക സമിതി ഭാരവാഹികള്‍, കഴകം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
