കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി വധക്കേസിലെ അഞ്ചു പ്രതികള്‍ക്കെതിരെ നാളെ കുറ്റപത്രം സമര്‍പ്പിക്കും. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്)യിലാണ് കുറ്റപത്രം സമര്‍പ്പിക്കുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണ്‍ പറഞ്ഞു.

കേസില്‍ ഏഴു പ്രതികളാണുള്ളത്. ഇവരില്‍ രണ്ടു പേര്‍ വിദേശത്താണ്. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മാങ്ങാട്, കൂളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉവൈസ് എന്ന ഉബൈദ് ഒന്നും ഭാര്യ ജിന്നുമ്മ എന്ന ഷമീന രണ്ടും പൂച്ചക്കാട്ടെ അസ്‌രീഫ മൂന്നും മധൂര്‍, കൊല്യയിലെ ആയിഷ നാലാം പ്രതിയുമാണ്. ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റമാണ് ചുമത്തുക. അബ്ദുല്‍ ഗഫൂര്‍ ഹാജിയില്‍ നിന്നു കൈക്കലാക്കിയ 596 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്കുകളില്‍ പണയപ്പെടുത്താന്‍ സഹായിച്ചതിനാണ് ആയിഷയെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റു ചെയ്തത്. ഇവര്‍ക്കു പിന്നീട് ജാമ്യം ലഭിച്ചു. മറ്റു പ്രതികള്‍ റിമാന്റിലാണ്.
തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളില്‍ നിന്നു 117 പവന്‍ സ്വര്‍ണ്ണവും പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ബേക്കല്‍ പൊലീസ് അന്വേഷിച്ച കേസ് നവംബര്‍ പകുതിയോടെയാണ് ഡിസിആര്‍ബി ഡിവൈ.എസ്.പി കെ.ജെ ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു വിട്ടുകൊണ്ട് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ ഉത്തരവായത്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലക്കേസുകള്‍ അന്വേഷിച്ച് തെളിയിച്ച് ശ്രദ്ധേയനായ ജോണ്‍സന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച്ച നടത്തിയ അന്വേഷണത്തില്‍ തന്നെ പ്രതികളെ തിരിച്ചറിഞ്ഞു.
2024 ഡിസംബര്‍ 2ന് മുഖ്യപ്രതികളെ അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ദൃക്‌സാക്ഷികളില്ലാത്ത കൊലപാതകമായതിനാല്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനാണ് അന്വേഷണ സംഘം മുന്‍ തൂക്കം കൊടുത്തത്. കൊലപാതകത്തിനു മുമ്പും ശേഷവും പ്രതികള്‍ തമ്മില്‍ നടത്തിയ ഫോണ്‍ വിളികളും വാട്‌സ്ആപ് മെസേജുകളുമാണ് പ്രധാന തെളിവുകളായി കണ്ടെത്തിയത്. ശബ്ദം പ്രതികളുടേതാണെന്നു തെളിയിക്കുന്നതിനായി പ്രതികളെ കണ്ണൂര്‍ ആകാശവാണി നിലയത്തില്‍ എത്തിച്ച് ശബ്ദ പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു.
2023 ഏപ്രില്‍ 14ന് രാത്രിയിലാണ് അബ്ദുല്‍ ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത്. സ്വാഭാവിക മരണമെന്ന നിലയിലാണ് ഖബറടക്കം നടത്തിയത്. എന്നാല്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതില്‍ സംശയം തോന്നിയ മകന്‍ പരാതി നല്‍കിയതോടെയാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയാനും പ്രതികളെ ഇരുമ്പഴിക്കുള്ളിലാക്കാനും പൊലീസിനു കഴിഞ്ഞത്.