കാസര്‍കോട്: വെന്തുരുകുന്ന പകല്‍ വരാനിരിക്കുന്ന വേനലിന്റെ കാഠിന്യം വര്‍ധിപ്പിക്കുമെന്ന കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍ മറ്റെന്നാള്‍ ആരംഭിക്കുന്ന നോമ്പുകാലത്ത് വിശ്വാസികള്‍ക്ക് കഠിനമായേക്കുമെന്ന് ഉത്കണ്ഠ ഉയരുന്നു. പതിവിന് വിപരീതമായി ഫെബ്രുവരിയില്‍ പോലും അതിശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്.
നിലവില്‍ മലയോര മേഖലകളില്‍ പകല്‍ താപനില 32 മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുന്നുണ്ട്. രാത്രി താപനില 23 മുതല്‍ 25 വരെയും. ജില്ലയില്‍ ഉയര്‍ന്ന താപനിലയും ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പും ഇതിനകം കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിച്ചിട്ടുണ്ട്. താപനില രണ്ട് ഡിഗ്രി മുതല്‍ 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഉയര്‍ന്ന ചൂട്, സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും പരമാവധി ശുദ്ധജലം കുടിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിച്ചിട്ടുണ്ട്.
കടുത്ത ചൂടുകാരണം പുറം ജോലി സമയം സര്‍ക്കാര്‍ ഇതിനകം തന്നെ ക്രമീകരിച്ചു. ചൂടിനെ നേരിടാന്‍ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 2,3 തീയതികളിലായിരിക്കും വ്രതം ആരംഭിക്കുക. കൊടും ചൂടുകാലമാണെങ്കിലും റംസാനിനെ വരവേല്‍ക്കാന്‍ വിശ്വാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു. ‘ബറാത്ത് രാവ്’ പിന്നിട്ടതോടെ വിശ്വാസികള്‍ നോമ്പുകാലത്തിലേക്കുള്ള ഒരുക്കങ്ങളാരംഭിച്ചു. മദ്രസകളില്‍ പരീക്ഷ കഴിഞ്ഞതോടെ ഞായറാഴ്ച അടച്ച പള്ളി മദ്രസകള്‍ പരിസരങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.
വീടുകളും റംസാനിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിട്ടുണ്ട്. വീടും പരിസരവും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് വീട്ടമ്മമാര്‍.
