കണ്ണൂര്‍: ഓടിക്കൊണ്ടിരുന്ന ഓട്ടോ റിക്ഷയ്ക്ക് അകത്തേക്ക് മുള്ളന്‍ പന്നി പാഞ്ഞു കയറി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മയ്യില്‍, കൊളച്ചേരി, പൊന്‍കുത്തി ലക്ഷം വീട് സങ്കേതത്തിലെ ഇടച്ചേരിയന്‍ വിജയന്‍ (52) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരമണിയോടെ കണ്ണാടിപ്പറമ്പ്, വാരംകടവ് റോഡ് പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ സീറ്റിനടിയിലേക്കാണ് മുള്ളന്‍ പന്നി ഓടിക്കയറിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തി വിജയനെ കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരണം സംഭവിച്ചു. മയ്യില്‍ പൊലീസ് കേസെടുത്തു. പരേതരായ ഒ. കുഞ്ഞിരാമന്‍-ഇ. പാഞ്ചാലി ദമ്പതികളുടെ മകനാണ്. ബീന, നീതു, പരേതനായ ഇന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
