കണ്ണൂര്‍: കാട്ടാന ആക്രമണത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറളം പഞ്ചായത്തിൽ ഇന്ന് യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വന്യജീവികളിൽ നിന്ന് ജനങ്ങൾക്ക് സംരക്ഷണം കൊടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നാണ് ബിജെപി നേതൃത്വത്തിൻ്റെ ആരോപണം. ഇന്ന് ഉച്ചയ്ക്ക് ശേഷം വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആറളം ഫാം സന്ദർശിക്കും. ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ദമ്പതികൾ മരിക്കാൻ ഇടയായ സംഭവത്തെ തുടർന്ന് തിങ്കളാഴ്ച സർവകക്ഷി യോഗം വിളിച്ചു ചേർക്കാൻ കണ്ണൂർ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇന്ന് വൈകുന്നേരം 3 മണിക്കാണ് സർവ്വകക്ഷിയോഗം ചേരുന്നത്. വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ യോഗത്തിൽ പങ്കെടുക്കും.
കാട്ടാന ആക്രമണത്തില്‍ ആറളം ഫാമില്‍ കൊല്ലപ്പെട്ട ആദിവാസി ദമ്പതികളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. പതിമൂന്നാം ബ്ലോക്കിലെ വെള്ളി, ലീല എന്നിവരാണ് മരിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
സബ് കലക്ടര്‍ സ്ഥലത്തെത്തിയിട്ടും ആംബുലന്‍സ് കൊണ്ടുപോകാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല. ഒടുവില്‍ പൊലീസ് നടത്തിയ ചര്‍ച്ചക്ക് ഒടുവിലാണ് അയഞ്ഞത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം ആദ്യഗഡു ഇന്ന് നല്‍കും.
