കാസര്‍കോട്: ഹൊസബെട്ടു കുണ്ടുകുടുക്ക ബീച്ചില്‍ എത്തിയ ദമ്പതികള്‍ കടലില്‍ വീണു. ഗൃഹനാഥനെ കാണാതായി. സ്ത്രീയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കടമ്പാര്‍ ബെജ്ജ റോഡിലെ ഭാസ്‌കര(56)നെയാണ് കാണാതായത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഹൊസങ്കടിയില്‍ തയ്യല്‍ കട നടത്തുന്ന ഭാസ്‌കരനും ഭാര്യ മാലതിയും വൈകീട്ടാണ് സ്‌കൂട്ടറില്‍ കടപ്പുറത്ത് എത്തിയത്. സ്‌കൂട്ടര്‍ കടല്‍ത്തീരത്തിന് സമീപം നിര്‍ത്തിയിട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് കടപ്പുറത്ത് വീണുകിടക്കുന്ന സ്ത്രീയെ കണ്ടത്. അബോധാവസ്ഥയിലായിരുന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് ഭാസ്‌കരനെ കാണാതായ വിവരം അറിയുന്നത്. വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസും ഫയര്‍ഫോഴ്‌സും രാത്രി പത്തരവരെ കടലില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഞായറാഴ്ച രാവിലെയും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ദമ്പതികള്‍ കടപ്പുറത്ത് എന്തിന് എത്തി എന്നതില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. ഉച്ചവരെ ഭാസ്‌കരന്‍ കടയില്‍ ജോലിചെയ്തിരുന്നതായും വിവരമുണ്ട്.
