കാസര്‍കോട്: കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കുമ്പള, മാവിനക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അഭിലാഷ് എന്ന ഹബീബി(30) നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.
കുമ്പളയിലെ സമൂസ റഷീദിനെ ഐഎച്ച്ആര്‍ഡി കോളേജിനു സമീപത്തു വച്ച് തലയില്‍ കല്ലിട്ടു കൊലപ്പെടുത്തിയ കേസ്, ഭാര്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി 5.45 ലക്ഷം രൂപ തട്ടിയെടുത്ത കേസ്, മൊഗ്രാലില്‍ ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, നീലേശ്വരത്ത് രണ്ടു കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസ്, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കഞ്ചാവ് എത്തിച്ച കേസ് തുടങ്ങിയവയില്‍ ഹബീബ് പ്രതിയാണെന്നു പൊലീസ് പറഞ്ഞു. നേരത്തെ ഇയാളെ ആറു മാസത്തേക്ക് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് ഒരു വര്‍ഷത്തേക്ക് വീണ്ടും കാപ്പ ചുമത്തിയതെന്നു പൊലീസ് പറഞ്ഞു.
