പ്രക്കാനത്തിന് പല പ്രത്യേകതകളുണ്ട്. അതില്‍ ഒന്നാണ് ആളുകളുടെ പേര്. പെണ്ണുങ്ങളുടെ മിക്കവരുടെയും പേര് ‘ചിരി’ എന്നാണ്. പാറക്കെ ചിരി, കാരിക്കുട്ടീരെ ചിരി, പടിഞ്ഞാറെ ചിരി, അപ്പൂന്റെ ചിരി, എന്നൊക്കെയാണ്. പിന്നെ ആണ്‍പിറന്നോരുടെ പേരുകള്‍ അമ്പുവെന്നായിക്കും. കുഞ്ഞമ്പു, വലിയമ്പു ചെറിയമ്പു, വെളുത്തമ്പു, കറുത്തമ്പു, കുണ്ടിലമ്പു തുടങ്ങിയവയാണ്. ഈ ചിരിപ്പേരുള്ളവരെല്ലാം എന്നും ചിരിച്ചു കൊണ്ടേ സംസാരിക്കൂ. എന്ത് വിഷമം അനുഭവിക്കുന്നുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ചിരിച്ചു കൊണ്ട് ദു:ഖത്തെ അവര്‍ നേരിടും. ഈ ചിരിമാരൊന്നും മാറ് മറക്കാറില്ല. നല്ല ആരോഗ്യവതികളാണ്. വീടിന്റെ നേതൃസ്ഥാനം സ്ത്രീകളില്‍ നിക്ഷിപ്തമാണ്. അത് കൊണ്ട് അധികാര സ്ഥാനവും, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവകാശവും സ്ത്രീകള്‍ക്കാണ്.
പാറ്റേട്ടിക്കേ പ്രക്കാനത്ത് പ്രത്യേക പേരുളളു. അത് പോലെ ആണ്ടിക്കും. കിഴക്കേപ്പുര ചിരിയും പാറ്റയും അടുത്ത സുഹൃത്തുക്കളാണ്. മിക്കദിവസങ്ങളിലും ഉച്ചഭക്ഷണം കഴിഞ്ഞ് ചിരി പാറ്റയുടെ വീട്ടിലെത്തും അടുക്കള ഭാഗത്തെ കളത്തിലിരുന്നു കുറേ സമയം സംസാരിച്ചേ അവര്‍ പിരിഞ്ഞു പോകു. നാട്ടുകാര്യങ്ങള്‍, ഭര്‍ത്താക്കന്മാരുടെ സ്വഭാവം, മക്കളുടെ കാര്യങ്ങള്‍ ഇതൊക്കെയാണ് ചര്‍ച്ചാവിഷയങ്ങള്‍. പാറ്റയുടെ വീട്ടില്‍ നടക്കുന്ന ആണുങ്ങളുടെ കള്ളുകുടിയെ പറ്റിയായിരുന്നു പാറ്റയും ചിരിയും പറഞ്ഞു കൊണ്ടിരുന്നത്.
‘അല്ല പാറ്റേ നീയും അല്‍പം രുചിച്ചു നോക്കാറുണ്ടോ?’
‘ഏയ് ഇതേവരെയില്ല. എനിക്കും നോക്കാന്‍ ആശയുണ്ട്’.
‘ചിരി കുടിച്ചിട്ടുണ്ടോ?’
കുഞ്ഞായിരിക്കുമ്പോള്‍ അമ്മ എനിക്കു തരാറുണ്ട് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. വലുതായതില്‍ പിന്നെയില്ല. ഇപ്പോ പുടമുറി കഴിഞ്ഞ ശേഷം അയാളുടെ ഒപ്പം അല്‍പം ഞാനും കഴിക്കും. കള്ള് മാത്രമല്ല പറങ്കിമാങ്ങ വാറ്റിയതും കുടിക്കും. നല്ല രസമാണ്. ഉടനെ കിടക്കും. അയാള്‍ക്കും നല്ല മത്തായിരിക്കും. ഒപ്പം കിടന്നാല്‍ അതു കൊണ്ട് കിട്ടുന്ന രസം വേറെ തന്നെ. ആരും അറിയില്ല. ഞങ്ങള്‍ മാത്രം.
ഇത്രയും കേട്ടപ്പോള്‍ പാറ്റയുടെ മനസ്സിലുണ്ടായ ആഗ്രഹം പുറത്തു ചാടി. ‘ഞാനും കുറേ ദിവസമായി ആലോചിക്കുകയായിരുന്നു. ഇതെന്താ ആണുങ്ങള്‍ക്കേ പറ്റൂ? നമുക്കും അതിന്റെ രസമറിയണ്ടേ? ആണ്ടി എന്തു പറയുമെന്നറിയില്ല. ഇന്ന് സംസാരിച്ചു നോക്കാം.
‘അയ്യോ നാലു മണി കഴിഞ്ഞു. അദ്ദേഹം വൈകുന്നേരത്തെ ചായക്ക് കാത്തുനില്‍പ്പുണ്ടാവും. ഞാന്‍ പോട്ടെ. നാളെ കാണാം. ചിരി പുടവ തട്ടി ശരിയാക്കി വീട്ടിലേക്ക് ധൃതിയില്‍ നടന്നു.
ആണ്ടിയുടെ വീടുപറമ്പിന്റെ കിഴക്കേ അതിര് കുറുവന്‍ കുന്നാണ്. നാട്ടുകാര്‍ കൂളിക്കുന്ന് എന്നാണ് പറയുക. ആ കുന്നിന്‍ ചെരുവിലാണ് ഉച്ചന്‍ വളപ്പില്‍ നിന്ന് കുടിയേറി പാര്‍ത്ത ചെരുപ്പു കുത്തികള്‍ കുടില്‍ കെട്ടിതാമസിച്ചു വരുന്നത്. ആ വീടുകളിലെ ആണും പെണ്ണും കള്ളും റാക്കും കുടിച്ച് പൂസാവും. അവര്‍ ജീവിതം ആസ്വദിക്കുന്നവരാണ്. നാളത്തേക്കുള്ള ചിന്ത അവര്‍ക്കില്ല. അന്നന്ന് അധ്വാനിച്ചുണ്ടാക്കിയ പൈസ അന്നന്ന് തീര്‍ക്കും. സ്ത്രീയും പുരുഷനും മത്ത് തലക്ക് പിടിച്ചാല്‍ ആര്‍ത്തട്ടഹസിക്കുകയും പരസ്പരം വഴക്കു കൂടുകയും ചെയ്യുന്നത് പതിവാണ്. അതിലാണ് അവര്‍ സുഖം കണ്ടെത്തുന്നത്. ഇതൊക്കെ പാറ്റ എന്നും കാണുന്ന കാഴ്ചയാണ്. നാളേക്ക് ബാക്കി വെക്കാതെയുള്ള ജീവിതം, ഉള്ളതുകൊണ്ട് ആനന്ദിച്ചു ജീവിക്കുന്ന ശീലം, നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ അവര്‍ക്ക് വേവലാതിയില്ല. അവരെ പോലെ വേണ്ട എങ്കിലും ചിരിയേട്ടി പറഞ്ഞപോലെ അതിന്റെ രസം ഒന്നറിയണമായിരുന്നു എന്ന ചിന്തയിലായിരുന്നു പാറ്റ.
ചെരുപ്പുകുത്തികളുടെ കുടിലില്‍ നിന്ന് ആണും പെണ്ണും അതിരാവിലെ പുറപ്പെടും. ഒന്നും കഴിക്കാതെയാണ് പണിക്കു പോവുക. കാട്ടിലേക്ക് പോകുന്ന വഴിയില്‍ മമ്മതിന്റെ പീടികയുണ്ട്. അവിടെ അനാദി കച്ചവടത്തിനു പുറമേ ചായക്കച്ചവടവുമുണ്ട്. പണിക്കു പോവുന്ന ഇത്തരക്കാരെ ലക്ഷ്യമിട്ടുകൊണ്ടുതന്നെ മുഹമ്മദ് അതിരാവിലെ ചായ റെഡിയാക്കി വെക്കും. വില കുറഞ്ഞ പലഹാരങ്ങള്‍ തയ്യാറാക്കി വെക്കും. പുഴുങ്ങിയ മധുരക്കിഴങ്ങ്, വെള്ളക്കപ്പ പൊടി ഉപയോഗിച്ചു കൊണ്ടുളള ഇലയട എന്നിവയായിരിക്കും പ്രധാന വിഭവങ്ങള്‍. ഇവ കഴിച്ചാണ് പണിക്കു പോവുന്നത്. പുരോഗതിയും അറിവും നേടിയെങ്കിലും ഇക്കൂട്ടര്‍ ബെഞ്ചില്‍ ഇരുന്ന് ചായ കുടിക്കാതെ പീടികക്കളത്തില്‍ കുത്തിയിരുന്നേ ചായയും പലഹാരവും കഴിക്കൂ. ഇത് കടമായി കൊടുക്കണം. അടുത്ത ദിവസം മാത്രമെ കടം തീര്‍ക്കൂ.
കാട്ടിലേക്കാണ് യാത്ര. കയ്യിലുള്ള ഏക ആയുധം കോടാലി (മഴു) മാത്രമായിരിക്കും. കാട്ടുകള്ളന്മാര്‍ കടത്തിക്കൊണ്ടുപോയ വന്‍മരങ്ങളുടെ കുറ്റിത്തടിയിലാണ് ഇവരുടെ നോട്ടം. അത് കഠിനാധ്വാനത്തിലൂടെ വെട്ടിയെടുക്കും. വീണ്ടും കുറ്റിത്തടിയില്‍. തീകത്തിക്കും. അത് വെണ്ണീറാകുന്നതിന് മുന്നേ പാറക്കെട്ടുകളിലെ വെള്ളം ശേഖരിച്ചു കൊണ്ട് വന്ന് തീ കെടുത്തും. അങ്ങിനെ കിട്ടുന്ന കരി ചാക്കുകളില്‍ ശേഖരിക്കും. അത് തലച്ചുമടായി കൊണ്ടുവന്ന് ടൗണുകളിലെ ഹോട്ടലുകളില്‍ വില്പന നടത്തും. ചായ തിളപ്പിക്കാനുള്ള സമാവറില്‍ കത്തിക്കാന്‍ വേണ്ടിയാണ് കരിയാക്കുന്നത്. രണ്ടും മൂന്നും കുടുംബക്കാര്‍ ഒന്നിച്ചാണ് കരി ശേഖരിക്കാനും വില്‍പ്പന നടത്താനും പോയിരുന്നത്. രാത്രിയാവുന്നതിന് മുന്നേ ഈ പണികളൊക്കെ തീര്‍ത്ത് അരിയും മുളകും മറ്റും വാങ്ങി വീടണയും അതിനു മുമ്പേ കള്ള് ഷാപ്പിലും റാക്ക് ഷാപ്പിലും കയറി മിനുങ്ങിയിട്ടുണ്ടാവും.
ഇവരുടെ ഭാഷ കന്നടയാണ്. പക്ഷേ ശുദ്ധ കന്നടയല്ല. കന്നട, തുളു, മലയാളം എല്ലാം കൂട്ടിക്കലര്‍ത്തിയതാണ് ഇവരുടെ സംസാരഭാഷ. ഭക്ഷണകാര്യത്തിലും ശരീര ശുചിത്വകാര്യത്തിലും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. അതുകൊണ്ടു തന്ന ഇവര്‍ വരുന്ന വിവരം ദൂരത്തു നിന്നേ മണത്തറിയും. ഇവര്‍ താമസിച്ചു വരുന്ന കുന്നിന് കൂളിക്കുന്ന് എന്ന് പേര് വരാനും ചില ചരിത്രപരമായ കാര്യങ്ങളുമുണ്ട്. ചരിത്രകാരന്മാര്‍ ഈ കുന്നിന്‍പ്രദേശത്ത് നിരവധി ശവക്കല്ലറകള്‍ കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണവ. അതിനാല്‍ പിശാചുക്കളുടെ (കൂളി) വിഹാരകേന്ദ്രമാണ് ഈ കുന്നിന്‍പുറമെന്ന് പഴമക്കാര്‍ പറയുന്നു.
പ്രക്കാനത്ത് പല സ്ത്രീകള്‍ക്കും കൂളി കൂടാറുണ്ട്. മരിച്ചു പോയവരുടെ ആത്മാവ് അവരുടെ ബന്ധുജനങ്ങളില്‍ പ്രവേശിക്കുകയും തുടര്‍ന്ന് മരിച്ചു പോയവരുടെ ശബ്ദത്തില്‍ കൂളികൂടിയ സ്ത്രീ സംസാരിക്കുകയും ചെയ്യും. കൂളിയെ ഒഴിപ്പിക്കാനുള്ള മന്ത്രവാദവും മറ്റും നടത്തുന്നവരും നാട്ടിലുണ്ടായിരുന്നു.
ചെരുപ്പുകുത്തി വിഭാഗത്തില്‍പെട്ടവര്‍ നല്ല ആരോഗ്യമുള്ളവരാണ്. തിമ്മന്‍, ദാസന്‍, അണ്ണക്കുഞ്ഞി, കുഞ്ഞന്‍, തമ്മണ്ണന്‍, തുടങ്ങിയ പേരുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്. മാരിയമ്മ കൂടല്‍ ഇവരുടെ ഇടയിലെ ഒരു ആചാരമാണ്. ഇവരുടെ സ്ത്രീകളുടെ പേരിന്റെ കൂടെ മാരി എന്നു ചേര്‍ത്താണ് വിളിക്കാറ്. ഇവരെ കുറിച്ചുള്ള സര്‍വ്വ വിവരങ്ങളും ആണ്ടിക്കും പാറ്റക്കും അറിയാം. ഇവരുടെ തൊട്ടയല്‍വാസികളാണ് കൂളിക്കുന്നിലെ ആദിവാസി കുടുംബങ്ങള്‍.
