പെരിയ: തലചായ്ക്കാന്‍ ഒരു തുണ്ടു ഭൂമിപോലും സ്വന്തമായില്ലാത്ത മാവിലന്‍ സമുദായക്കള്‍ അധിവസിക്കുന്ന പെരിയ അരങ്ങനടുക്കത്തു ശവപ്പെട്ടികള്‍ തയ്യാറാവുന്നു.
അരങ്ങനടുക്കത്തെ പുറമ്പോക്ക് സ്ഥലത്ത് ഒരു ശവപ്പെട്ടി വച്ച ശേഷം സ്ഥലം കൈയേറി ശവപ്പെട്ടിപ്പുര പണിഞ്ഞതായും വില്ലേജ് അധികൃതര്‍ അതിന് ഒത്താശ ചെയ്തുകൊടുക്കുകയാണെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ സ്ഥലം കൈയേറുന്നതിനെതിരെ വില്ലേജ് ഓഫീസില്‍ പരാതി കൊടുത്തവര്‍ക്കെതിരെ ശവപ്പെട്ടി വ്യാപാരികള്‍ ഭീഷണി മുഴക്കുന്നതായും പരാതിക്കാര്‍ പറയുന്നു. എന്നാല്‍ തലചായ്ക്കാനിടമില്ലാത്തവര്‍ക്കു അതിനുള്ള സൗകര്യം എന്ന നിലയിലാണ് ശവപ്പെട്ടി ഒരുക്കുന്നതെന്നും സംസാരമുണ്ട്.
ശവപ്പെട്ടിപ്പുര പണിയുന്നത് ഈ പ്രദേശത്തെ കുട്ടികള്‍ അംഗന്‍വാടിയിലേക്കു പോകുന്ന സ്ഥലത്താണെന്നും ശവപ്പെട്ടിയെന്നു കേട്ട് കുട്ടികള്‍ ഭയചകിതരായി അംഗന്‍വാടിയില്‍ പോകാന്‍ മടിക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു. അതേസമയം ഈ സ്ഥലം തങ്ങളുടേതാണെന്നവകാശപ്പെട്ടു കൈയേറ്റക്കാര്‍ വില്ലേജ് ഓഫീസറെ സ്വാധീനിച്ചു സ്ഥലത്തു മതില്‍ കെട്ടിയിട്ടുണ്ടെന്നും പരാതിയുണ്ട്.
ഈ പ്രദേശത്ത് ഒരു ഇഞ്ചു സ്ഥലം പോലും സ്വന്തമായില്ലാത്ത നിരവധി കുടുംബങ്ങള്‍ തലചായ്ക്കാന്‍ ഒരിടത്തിനു വേണ്ടി വില്ലേജ് ഓഫീസ് കയറിയിറങ്ങുന്നെങ്കിലും അവര്‍ക്കിപ്പോഴും അവഗണനയാണെന്നു പറയുന്നു.
ശവപ്പെട്ടിപ്പുരക്കെതിരെ നാട്ടുകാര്‍ വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍ മുതല്‍ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും വരെ പരാതി നല്‍കിയിട്ടുണ്ടെന്നു പരാതിക്കാര്‍ അറിയിച്ചു.
