Author: നാരായണന്‍ പേരിയ
നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു തൊപ്പിക്കാരുടെ ആ സംഘടന-തലയില്‍ വെളുത്ത തൊപ്പി, കയ്യില്‍ ചൂല്‍,, പ്രകടനം നടത്തുമ്പോള്‍ മുമ്പില്‍ ഉയര്‍ത്തിപ്പിടിക്കുന്ന പതാകയില്‍ ചൂലടയാളം. സംഘടനയുടെ പേര് ആപ്പ്-ഇംഗ്ലീഷില്‍ എ.എ.പി ആം ആദ്മി പാര്‍ട്ടി. എല്ലാ സാധാരണക്കാരുടെയും പാര്‍ട്ടി.
അഴിമതി വിരുദ്ധ പ്രസ്ഥാനം. സമൂഹത്തിലെ സകല അഴിമതികളും പാടെ നിര്‍മാര്‍ജനം ചെയ്യുക-അതാണ് ചൂല്‍ കൊടിയടയാളമാക്കിയതു കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രമേണ ആ പാര്‍ട്ടി ഒരു ഡല്‍ഹിപ്പാര്‍ട്ടിയായി ഒതുങ്ങി. അരവിന്ദ് കേജ്രി വാളിന്റെ പാര്‍ട്ടി. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലെ ഭരണം കൈയാളുന്ന പാര്‍ട്ടി. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ കേട്ടത് വെറും 22 സീറ്റില്‍ ഒതുങ്ങി എന്ന്. ആകെയുള്ള 70 സീറ്റില്‍ 48 സീറ്റ് ബിജെപിക്ക്. വോട്ട് വ്യത്യാസം 1.99 ശതമാനം. 70 മണ്ഡലത്തിലും മത്സരിച്ച കോണ്‍ഗ്രസിന് ഒരിടത്തും ജയിക്കാന്‍ കഴിഞ്ഞില്ല. 67 മണ്ഡലത്തില്‍ കെട്ടിവെച്ച പണം പോയി. ആകെ കിട്ടിയത് 6.34 ശതമാനം വോട്ട്. രണ്ടാം സ്ഥാനത്ത് എങ്കിലും എത്താന്‍ കഴിഞ്ഞത് ഒരേയൊരു മണ്ഡലത്തില്‍. 66 മണ്ഡലങ്ങളില്‍ മൂന്നാം സ്ഥാനം. എന്നിട്ടും കോണ്‍ഗ്രസ് അവകാശപ്പെട്ടു- തങ്ങള്‍ക്ക് വോട്ടുവിഹിതം കൂടി-ജയറാം രമേശിന്റെ അവകാശവാദം. കോണ്‍ഗ്രസിന് ഒന്നും നഷ്ടമായില്ല; എന്നാല്‍, ‘ആപ്പി’ന് എല്ലാം പോയി-കോണ്‍ഗ്രസ് നേതാവ് അല്‍ക്കാലാം പറഞ്ഞത്.
ആപ്പിന്റെ ദേശീയാധ്യക്ഷന്‍ അരവിന്ദ് കേജ്രിവാള്‍ ഉള്‍പ്പെടെ സീനിയര്‍ നേതാക്കള്‍ തോറ്റു. പാര്‍ട്ടിയുടെ ദയനീയ പരാജയത്തിലും കര പറ്റിയ ഒരു നേതാവ്-‘അതിഷി’ സ്വന്തം വിജയം ആഘോഷിച്ചു ആനന്ദനൃത്തം ചവിട്ടി.
ഇതാണ് രാഷ്ട്രീയം! തുടര്‍ച്ചയായി മൂന്നുവട്ടം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് (2013 വരെ) ‘ഭാരത് ജോഡ്’ വിളിച്ച് പ്രകടനം നടത്തിയിട്ടും എവിടെയെത്തി.
പിന്നാലെ പുറത്തുവന്ന ചില വിവരങ്ങള്‍: ബിജെപിയുടെ ഏഴും, ആപ്പിന്റെ പത്തും എംഎല്‍എമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 31 പേരുണ്ട് ക്രിമിനല്‍ കേസ് പ്രതികള്‍. മത്സരിച്ച 699 സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രിക യോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചു അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ഡല്‍ഹി ഇലക്ഷന്‍ വാച്ച് എന്നീ പൊതു താല്‍പര്യ സംഘടനകള്‍ വെളിപ്പെടുത്തിയ വിവരങ്ങളാണിത്.
നാട് ഭരിക്കേണ്ടവര്‍ ക്രിമിനല്‍ക്കേസ് പ്രതികളായാല്‍? ഈ പറഞ്ഞതില്‍ ഒതുങ്ങുന്നില്ല ക്രിമിനല്‍ രാഷ്ട്രീയക്കാരുടെ കണക്ക്. ഇന്ത്യയില്‍ ആകെ എംപിമാരും എംഎല്‍എമാരും പ്രതികളായിരിക്കുന്ന 5000 ത്തോളം ക്രിമിനല്‍ കേസുകളില്‍ കോടതി നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി മുമ്പാകെ ഒരു പൊതു താല്‍പര്യ ഹര്‍ജിയുണ്ട്- അഡ്വ. വിജയ് ഹന്‍സാരിയ സമര്‍പ്പിച്ചത്. കക്ഷികളായിട്ടുള്ള രാഷ്ട്രീയ പ്രമുഖന്മാര്‍ തങ്ങളുടെ സ്വാധീനമുപയോഗിച്ച് കേസന്വേഷണവും തുടര്‍നടപടികളും-വിചാരണയടക്കം-വൈകിപ്പിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥിതി വിവരക്കണക്കുകളടക്കം കോടതിയിലെത്തി. അത് പരിഗണിച്ച സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി ആണ് അഡ്വ.ഹന്‍സാരിയ. 2024ല്‍ രജിസ്റ്റര്‍ ചെയ്ത 892 പുതിയ കേസുകളും കൂടി 4732. പലതും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചുള്ളതാണ്. ഇപ്പോള്‍ ഡല്‍ഹി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എഴുപതില്‍ 31 പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. വധശ്രമം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍-ഇത്യാദി കേസുകള്‍ നേരിടുന്നവര്‍. കൈവന്നിട്ടുള്ള പദവികള്‍ ഉപയോഗിച്ച് കേസ് നടപടികളില്‍ തെറ്റായി ഇടപെടും; കേസ് വൈകിപ്പിക്കും. അഴിമതി പെരുകും.
ഇവിടെയാണ് ആം ആദ്മി പാര്‍ട്ടിയുടെയും കെജരിവാളിന്റെയും പ്രസക്തി. ആ പാര്‍ട്ടിയുടെ രൂപീകരണ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കേണ്ടത്.
അണ്ണാ ഹസാരെ-മുന്‍ സൈനികന്‍. മഹാരാഷ്ട്രയിലെ ‘റിലഗോന്‍ സിദ്ധി’ സ്വദേശി. അഴിമതിക്കെതിരായ പോരാട്ടം തുടങ്ങുമ്പോള്‍ 74ാം വയസ്സ്. അഴിമതി നടത്തുന്ന ആരെയും വിടരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെ അണ്ണ രംഗത്തിറങ്ങിയപ്പോള്‍ അരവിന്ദ് കെജ്രിവാളും ഒപ്പം ചേര്‍ന്നു. ഡല്‍ഹിയിലെ ഫിറോഷ് ഷാ കോട്ലിയിലുള്ള ജെ.പി പാര്‍ക്കില്‍ ഹസാരെ സത്യഗ്രഹം തുടങ്ങി. കേജ്രി വാളും സംഘവും കൂടെച്ചേര്‍ന്നു. പതിനായിരക്കണക്കിന് പേര്‍ അണിനിരന്നു. അണ്ണായെ അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് മാറ്റി. കേജ്രിവാള്‍ അടക്കമുള്ള പോരാളികളും ഒപ്പം ജയിലിലെത്തി. ജയിലില്‍ അണ്ണാ നിരാഹാര സമരം പ്രഖ്യാപിച്ചു. അനുയായികളും. സര്‍ക്കാര്‍ മുട്ടുകുത്തി. എല്ലാവരെയും വിട്ടയച്ചു. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കും; നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ പ്രഖ്യാപനം.
അടുത്ത ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറി.
അധികാരം കൈവന്നതോടെ, സംഭവിക്കാവുന്നതുതന്നെ-അബ്രഹാംലിങ്കന്‍ പണ്ട് പറഞ്ഞു; ‘ഈഫ് യു വാണ്ട് ടു ടെസ്റ്റ് എ മാന്‍സ് കാരക്റ്റര്‍, യു ഗിവ് ഹിം പവര്‍.’