നീലേശ്വരത്തു നിന്നു വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കാര്‍ തിരുവനന്തപുരത്ത് കണ്ടെത്തി

കാസര്‍കോട്: നീലേശ്വരത്തു നിന്നു വാടകയ്‌ക്കെടുത്ത് മറിച്ചു വിറ്റ കാര്‍ ഏഴുമാസങ്ങള്‍ക്കു ശേഷം തിരുവനന്തപുരത്ത് കണ്ടെത്തി. മടിക്കൈ, കക്കാട്ടെ അഖിലിന്റെ കാറാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയുടെ സമര്‍ത്ഥമായ അന്വേഷണത്തില്‍ തിരുവനന്തപുരം, ബീമാപള്ളിക്കു സമീപത്തു വെള്ളിയാഴ്ച പുലര്‍ച്ചെ കണ്ടെത്തിയത്. നീലേശ്വരം എസ്.ഐ രതീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മധുസൂദനന്‍ എന്നിവര്‍ കാറുമായി നീലേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
2024 മെയ് മാസത്തിലാണ് അഖിലിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് കാര്‍ കരുവാച്ചേരി സ്വദേശിയായ അജ്മല്‍ വാടകയ്ക്ക് എടുത്തത്. കാര്‍ പിന്നീട് ഉടമയറിയാതെ സുള്ള്യ സ്വദേശിയായ അഷ്‌റഫിനു കൈമാറി. പിന്നീട് ഇരുവരും ചേര്‍ന്ന് കാര്‍ തിരുവനന്തപുരത്തെ അര്‍ഷാദിനു വിറ്റു.
കാര്‍ തിരിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് അഖില്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. നിരവധി സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവെങ്കിലും കാറിനെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊച്ചുവേളിയിലെ ഒരു സ്ഥാപനത്തില്‍ പുക പരിശോധനയ്ക്കായി കാര്‍ എത്തിയത്. വാഹനം പുക പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ അതു സംബന്ധിച്ച് സന്ദേശം ആര്‍.സി ഓണറുടെ ഫോണിലേക്ക് എത്തും. ഇത്തരമൊരു സന്ദേശം ലഭിച്ച കാര്യം അഖില്‍ പൊലീസിനെ അറിയിച്ചു. ഇതോടെ എസ്‌ഐ.യും സംഘവും തിരുവനന്തപുരത്തേക്ക് പോയി പുക പരിശോധന നടത്തിയ കേന്ദ്രം കണ്ടെത്തി. സ്ഥാപന ഉടമയില്‍ നിന്നാണ് കാര്‍ അര്‍ഷാദ് എന്നയാളുടെ കൈവശം ഉള്ളതായി വ്യക്തമായത്. തുടര്‍ന്ന് കാറും കണ്ടെത്തി. അഷ്‌റഫും അജ്മലും ഒളിവിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നു പോയ ഉദുമയിലെ സംഗീതയെ സിദ്ധന്‍ വശത്താക്കിയത് ബ്രെയിന്‍ വാഷ് ചെയ്ത്; സിപിഎം നേതാവായ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി, വീഡിയോ പ്രചരിപ്പിച്ചവരടക്കം കുടുങ്ങിയേക്കുമെന്ന് സൂചന, പരാതിക്കാരന് ഗള്‍ഫില്‍ നിന്നു ഫോണ്‍ കോള്‍

You cannot copy content of this page