കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പുതിയ റെക്കോര്‍ഡ് കുറിച്ചു. ചൊവ്വാഴ്ച പവന്‍ സ്വര്‍ണത്തിന് 640 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,480 രൂപ. ഗ്രാമിന് 80 രൂപ ഉയര്‍ന്ന് 8060 ആയി. ഫെബ്രുവരിയില്‍ മാത്രം 2520 രൂപയാണ് പവന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിലും വില മാറ്റം. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു പവന്റെ വില. ഈ വര്‍ഷമാകട്ടെ 7,280 രൂപയും കൂടി. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ വില 3,000 ഡോളറിലേയ്ക്ക് നീങ്ങുകയാണ്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. ചൈനയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ അനുമതി നല്‍കിയതും ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് കൂട്ടി.
