കാസര്‍കോട്: പെര്‍വാഡ് ബദ്‌രിയ നഗറില്‍ അജ്ഞാത ജീവിയുടെ ആക്രമണം. വീട്ടിലെ കോഴിക്കൂട് തകര്‍ത്ത് ആറു കോഴികളെ കൊന്നൊടുക്കി. മൂന്നുവളര്‍ത്തു പൂച്ചകളെയും കാണാതായി. കോട്ടപള്ളിക്കടുത്ത് മാലിയങ്കര മദീന മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെ വീട്ടില്‍ അജ്ഞാത ജീവിയെത്തിയത്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. നായകള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാരനായ ഹാരിസ് പറയുന്നു. ഏതോ വന്യജീവിയുടെ ശബ്ദം കേട്ടതായും പറയുന്നു. പേടികാരണം വീട്ടുകാര്‍ പുറത്തിറങ്ങിയില്ല.
ചൊവ്വാഴ്ച രാവിലെ കോഴിക്കൂട് തകര്‍ത്ത നിലയിലും കൊഴികളെ കൊന്നൊടുക്കിയ നിലയിലും കാണപ്പെടുകയായിരുന്നു. രണ്ട് കോഴികളെ കാണാതായി. കോഴിക്കൂട് തള്ളിയിട്ട നിലയിലായിരുന്നു. പഞ്ചായത്ത് നല്‍കിയ ആറുകോഴികളാണ് കൂട്ടിലുണ്ടായിരുന്നത്. നാല് കോഴികളെ കൊന്ന് തലഭാഗം മാത്രമാണ് ഭക്ഷിച്ചത്. വീട്ടിലെ മൂന്നു വളര്‍ത്തുപൂച്ചകളെയും കാണാതായിട്ടുണ്ട്. മറ്റൊരു കൂട്ടില്‍ 10 കോഴികളുണ്ടായിരുന്നെങ്കിലും കൂട് തകര്‍ക്കാന്‍ കഴിഞ്ഞില്ല. വീട്ടുകാര്‍ സംഭവം വനംവകുപ്പിനെ വിവരമറിയിച്ചിട്ടുണ്ട്.
