ഇടുക്കി: ഇടുക്കി – കോട്ടയം അതിർത്തി പ്രദേശമായ പെരുവന്താനം കൊമ്പൻപാറയിൽ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോകുന്ന വഴിയിലായിരുന്നു കാട്ടാനയുടെ ആക്രമണം. കുളിക്കാൻ പോയി
ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് മകൻ നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കാട്ടാന നിലയുറപ്പിച്ചതിനാൽ മൃതദേഹം മാറ്റാൻ കഴിഞ്ഞില്ല. കഴിഞ്ഞ കുറച്ചുകാലങ്ങളായി പ്രദേശത്ത് കാട്ടാന ഉണ്ട്. എന്നാല്‍ ഇതുവരെ കാട്ടാന കൃഷി നശിപ്പിക്കുകയോ ആളുകളെ ആക്രമിക്കുകയോ ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. വിവരത്തെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്. ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.
