നാരായണന്‍ പേരിയ
അത്യുത്തര കേരളീയര്‍ക്ക് സ്വന്തമായൊരു ജില്ല-കാസര്‍കോട്-അനുവദിച്ചു കിട്ടിയ അതേ വര്‍ഷമാണ് നഗരഹൃദയഭാഗത്തെ ഒരു വീട്ടില്‍ ഒരു അപൂര്‍വ്വ സന്ദര്‍ശകനെത്തുന്നത്; (കനോ, കയോ എന്ന് ഉറപ്പില്ല)-വനവാസി-വനത്തില്‍ നിന്ന്, എങ്ങനെ അവിടെയെത്തിച്ചേര്‍ന്നു എന്നും അറിയില്ല.
ജില്ലാ ആസ്ഥാന നഗരത്തിലെ വീട്ടില്‍ പുലി വന്ന കാര്യമാണ്. ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. പുലി വന്യമൃഗമാണ്. വന്യമൃഗങ്ങള്‍ വനോപജീവികളാണല്ലോ. വനവിഭവങ്ങളെ ആഹാരമാക്കുന്നവ. ആഹാരക്ഷാമം-ആഹാര വസ്തുക്കള്‍ക്ക് കടുത്ത ദൗര്‍ലഭ്യം നേരിടുമ്പോള്‍ അവ കാട്ടില്‍ നിന്നു നാട്ടിലേക്കിറങ്ങും. സസ്യഭുക്കുകളും മാംസഭുക്കുകളുമുണ്ടല്ലോ നമ്മുടെ കാടുകളില്‍. മാംസഭുക്കുകളായ മൃഗങ്ങള്‍ നാട്ടിലേക്ക് കടക്കുന്നത് നമുക്ക് ഭീഷണിയാണ്. ജീവഹാനി നേരിടും. നമ്മുടെ വളര്‍ത്തുമൃഗങ്ങളെ പിടിച്ചു തിന്നും; മനുഷ്യരേയും വിടില്ല. മൃഗമാംസമോ, മനുഷ്യമാംസമോ? എന്തായാലെന്ത്? ഉദരപൂരണം സാധിച്ചാല്‍ പോരെ? കോഴിക്ക് നെല്ലും വിത്തും തമ്മില്‍ ഭേദമില്ലല്ലോ; അതുപോലെ.
പുലിയും കടുവയും നാട്ടിലിറങ്ങിയിട്ടുണ്ട് എന്നത് കുറേകാലമായി പതിവ് മാധ്യമവാര്‍ത്തയായിട്ടുണ്ട്. അവിടെ പുലിയെ കണ്ടു, ഇവിടെയുമെത്തിയിട്ടുണ്ട്; പശുവിനെ പിടിച്ചു, ആടിനെപ്പിടിച്ചു-ഇങ്ങനെ പുലിഭീതികാരണം പുറത്തിറങ്ങാന്‍ നിവൃത്തിയില്ല. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. ആടിനെയും പശുവിനെയും മേയാന്‍ വിടാന്‍ നിവൃത്തിയില്ല. സര്‍ക്കാരിന്റെ അനാസ്ഥ. ജനങ്ങളുടെ ജീവനും സ്വത്തും കാക്കേണ്ടത് സര്‍ക്കാര്‍. അക്കാര്യത്തില്‍ അശ്രദ്ധ. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സമരം നടത്താന്‍ ഒരു കാരണം കൂടിയായി.
പ്രതിപക്ഷ നേതാവ് മലയോര സമര യാത്രക്ക് നേതൃത്വം വഹിക്കാനിറങ്ങി. മനുഷ്യര്‍ക്ക് സൈ്വര്യമായി ജീവിക്കാനുള്ള അവകാശം-ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍-21 ഉറപ്പ് നല്‍കിയിട്ടുള്ളത് പരമപ്രധാനം. അതിന് മേലെയല്ല വന്യജീവി സംരക്ഷണ നിയമം (ആ നിയമം കാരണമാണ് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ നിവൃത്തിയില്ലെന്ന് അധികാരികള്‍ പറയുന്നത്.) മരണഭീതി കാരണം മലയോര ജനതയ്ക്ക് ഉറക്കം നഷ്ടപ്പെട്ടു. സമരജാഥ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചത്.
അധികൃതര്‍ ഉണര്‍ന്നു. ആപല്‍ക്കാരികളായ കടുവകളെ വെടിവെച്ചു കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് ഗാര്‍ഡന്‍ ഉത്തരവിട്ടിട്ടുണ്ട്. (25.1.2025)
മാനന്തവാടിയിലെ രാധക്കുണ്ടായ അത്യാഹിതത്തില്‍ (പുലിപിടിച്ചത്)പ്രതിഷേധം പ്രകടിപ്പിക്കാനിറങ്ങിയ നാട്ടുകാരും അത് നിയന്ത്രിക്കാനിറങ്ങിയ മറുപക്ഷവും തമ്മില്‍ സംഘര്‍ഷമുണ്ടായി. വന്യജീവികളുടെ ശല്യം നിയന്ത്രിക്കുമെന്ന് വനംവകുപ്പ് മന്ത്രി ഉറപ്പ് നല്‍കി. രാധയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
വന്യജീവി ആക്രമണപ്രശ്‌നം സംബന്ധിച്ച് സര്‍ക്കാര്‍ ഭാഗത്തു നിന്നു ഒരു പ്രതിരോധം ഉണ്ടായിരുന്നു വാര്‍ത്ത ശ്രദ്ധിക്കുക-(ദേശാഭിമാനി 26-01-2025) യുഡിഎഫ് ഭരണകാലത്ത് വന്യജീവി അക്രമണങ്ങളില്‍ ജീവഹാനി സംഭവിച്ചവരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയിട്ടില്ല.
രണ്ടു മുന്നണികളുടെയും ഭരണകാലത്ത് ഉണ്ടായ വന്യജീവി ആക്രമണ ദുരന്തങ്ങളുടെ കണക്ക് കൊടുത്തിട്ടുണ്ട്. പതിവു രീതിയാണല്ലോ. നിങ്ങളുടെ കാലത്ത് എന്തുണ്ടായി? ഞങ്ങള്‍ എന്തു ചെയ്യുന്നു? തര്‍ക്കം.
ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശം പാലിച്ചു കൊണ്ടുവേണം കടുവാഭീഷണി നേരിടാന്‍. നേരെ ചെന്ന് വെടിവയ്ക്കാന്‍ പാടില്ല. ആദ്യം മയക്കു വെടിവച്ച് അവശനിലയിലാക്കി പിടിച്ചു കെട്ടി കൂട്ടിനകത്താക്കുക. അത് സാധിച്ചില്ലെങ്കില്‍ വെടിവച്ച് കൊല്ലാം. ചട്ടപ്പടി ചെയ്യാന്‍ ഉത്തരവ് നല്‍കിക്കഴിഞ്ഞു എന്ന് അറിയിപ്പ്.
കടുവകള്‍ നാട്ടിലിറങ്ങുന്നത് മനുഷ്യരെ പിടിച്ചു തിന്നാന്‍ വേണ്ടിയാണോ? ‘ കടുവ സ്വതവേ നരഭോജിയാണോ? ഈ ചോദ്യം പതിറ്റാണ്ടുകള്‍ മുമ്പ് കേരളത്തിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കേട്ടിട്ടുണ്ട്. ഒരിംഗ്ലീഷ് ലേഖനത്തിന്റെ ശീര്‍ഷകത്തിന്റെ പരിഭാഷ. ജിം കോര്‍ബെറ്റ് എന്ന സായിപ്പിന്റെ രചന. മധ്യഭാരത മേഖലയില്‍ വര്‍ഷങ്ങളോളം കഴിച്ചുകൂട്ടിയ സായ്പ് വന്യജീവികളുടെ ആഹാരരീതികളെക്കുറിച്ച് നിരീക്ഷിച്ച് പഠിച്ച് വിസ്തരിച്ച് എഴുതിയിട്ടുണ്ട്. (അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് ജിംകോര്‍ബെറ്റ് വനോദ്യാനം സ്ഥാപിതമായിരിക്കുന്നത്.
കടുവ സ്വതവേ നരഭോജിയല്ലത്രെ. മറ്റൊന്നും കിട്ടാനില്ലെങ്കില്‍ മാത്രം മനുഷ്യരെ പിടിക്കും എന്ന് സായിപ് പറയുന്നു.
കടുവ മാത്രമല്ല, മറ്റ് മൃഗങ്ങളും ഇതേ ജീവിത ശൈലിയാണ്. വനാതിര്‍ത്തിക്കകത്ത് തന്നെ ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാണെങ്കില്‍ നാട്ടിലേക്ക് കടക്കുകയേ ഇല്ല. നാട്ടിലിറങ്ങരുത് എന്ന് വന്യമൃഗങ്ങളോട് വിരല്‍ ചൂണ്ടി ആക്രോശിക്കും മുമ്പേ, ആത്മപരിശോധനയ്ക്കൊരുങ്ങുക-‘വനാതിക്രമം വേണ്ടാ’ . നാം അടങ്ങുക. നാം അതിരുവിട്ടാല്‍ അവയും…