തിരുവനന്തപുരം: പകുതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു കൊണ്ട് ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ഉത്തരവിട്ടു. എഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിനായി എല്ലാ ജില്ലകളിലും പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തട്ടിപ്പുസംഘം കോടിക്കണക്കിനു രൂപയാണ് തട്ടിയെടുത്തത്. എറണാകുളം ജില്ലയില്‍ മാത്രം ആയിരത്തോളം പരാതികള്‍ ലഭിച്ചുവെങ്കിലും പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതു വലിയ പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയതോടെയാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് അടക്കം ലക്ഷക്കണക്കിനു രൂപ നല്‍കിയിട്ടുണ്ടെന്നു കേസിലെ മുഖ്യ പ്രതിയായ അനന്തു കൃഷ്ണന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ മൂന്നാം പ്രതിയാക്കിയിട്ടുണ്ട്. തട്ടിപ്പിലെ മുഖ്യപ്രതികളില്‍ മറ്റൊരാളായ സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍ജിഒ കോണ്‍ഫഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദ കുമാര്‍ ഒളിവിലാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം കാസര്‍കോട് ജില്ലയിലും വന്‍ തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണ് സൂചന.
