ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. ഒരുമണിക്കൂറിന് ശേഷം ആദ്യഫല സൂചനകളില്‍ ബിജെപി മുന്നിലാണ്. ആദ്യ ഫലമനുസരിച്ച് ബിജെപിയ്ക്ക് 50 സീറ്റുകളില്‍ മുന്നേറിയിരുന്നു. എന്നാല്‍ ഒരുമണിക്കൂറിന് ശേഷം എഎപി 36 സീറ്റില്‍ ലീഡ് നേടി ബിജെപിയെ അമ്പരപ്പിച്ചു. അധികം കഴിയുംമുമ്പ് ബിജെപി ലീഡ് 45 ല്‍ എത്തി. 23 സീറ്റില്‍ എഎപി ലീഡുചെയ്യുന്നു. കോണ്‍ഗ്രസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.
70 അംഗ നിയമസഭയിലേക്ക് 36 സീറ്റുകള്‍ നേടുന്നവര്‍ സര്‍ക്കാരുണ്ടാക്കാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 62 സീറ്റുകള്‍ വിജയിച്ചാണ് എഎപി ഭരണമുറപ്പിച്ചത്.
2015ല്‍ എഎപി 67 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് മൂന്ന് എംഎല്‍എമാര്‍ മാത്രമാണ് ഉണ്ടായത്. 2015 ലും 2020 ലും കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. 70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. മൂന്നു പാര്‍ട്ടികളും വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ വാരിക്കോരി വാഗ്ദാനം ചെയ്തിട്ടുണ്ട്. രാവിലെ എട്ട് മണിയോടെ ആരംഭിച്ച വോട്ടെണ്ണല്‍ 11 മണിയോടെ പൂര്‍ത്തിയായേക്കുമെന്ന് കരുതുന്നു. 19 കൗണ്ടിങ് സെന്ററുകളിലാണ് വോട്ടെണ്ണല്‍. ബുധനാഴ്ചയായിരുന്നു ഡല്‍ഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. ഒറ്റഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്.
